കണ്ണില്ലാത്ത ക്രൂരത; നായയെ ചങ്ങലയിൽ പൂട്ടി ബൈക്കിൽ വലിച്ചിഴച്ച് യുവാവ്,ചോദ്യം ചെയ്ത് വഴിയാത്രക്കാരി

ചില നേരങ്ങളിൽ മനുഷ്യർ അതിക്രൂരന്മാരായി മാറാറുണ്ട്. അത്തരത്തിലൊരു ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

രാജസ്ഥാനിൽ നിന്നുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സംഭവത്തിൽ ഒരാൾ നായയെ ചങ്ങലയിൽ പൂട്ടി ബൈക്കിൽ ബന്ധിപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. വൈറലായ ഈ വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ക്രൂരതയ്ക്ക് ആ മനുഷ്യനെതിരെ കർശന നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. 

സോഷ്യൽ മീഡിയ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ ക്രൂരത നടന്നത് ഉദയ്പൂരിലെ ബലിച്ച പ്രദേശത്താണ്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ സംഘടിച്ചതോടെ ഒടുവിൽ ആ ക്രൂരകൃത്യം ചെയ്ത മനുഷ്യൻ പരസ്യമായി ക്ഷമാപണം നടത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നു. 

വീഡിയോയിൽ ഇയാൾ നായയെ ചങ്ങല കൊണ്ട് ബൈക്കിൽ ബന്ധിച്ച് ചിരിച്ചുകൊണ്ട് ബൈക്ക് ഓടിച്ചു വരുന്നത് കാണാം. ഈ ക്രൂരത ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിയായ ഒരു സ്ത്രീ പെട്ടെന്ന് സംഭവത്തിൽ ഇടപെടുകയായിരുന്നു. അയാളുടെ വണ്ടി നിർത്തിച്ച അവർ താനൊരു മൃഗം ആണോ എന്ന് ചോദിച്ച് ആ മനുഷ്യനെ ശകാരിക്കുന്നത് വീഡിയോയിൽ കാണാം. 

ഉടൻതന്നെ അയാൾ നായയുടെ ചങ്ങല അഴിച്ച് മാറ്റി അതിനെ മോചിപ്പിക്കുന്നു. അപ്പോഴേക്കും അവിടെ കൂടിയ നാട്ടുകാർ ഇയാളെ ശകാരിക്കുന്നതും ഒടുവിൽ രക്ഷപ്പെടാനായി അയാൾ പരസ്യമായി മാപ്പ് പറയുന്നതും വീഡിയോയിൽ കേൾക്കാം. റോഡിലൂടെ വലിച്ചിഴച്ചതിന്റെ ഫലമായി നായയുടെ കാലുകൾ മുറിഞ്ഞ് രക്തം റോഡിൽ പറ്റിയിരിക്കുന്നതും വീഡിയോയിൽ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin