ഇന്ത്യൻ വ്യോമപാതയിലും വിമാനങ്ങൾക്ക് ഭീഷണിയായി ജിപിഎസ് സ്പൂഫിങ്; പാർലമെന്റിൽ വിവരങ്ങൾ വെളിപ്പെടുത്തി മന്ത്രി
ന്യൂഡൽഹി: വ്യോമ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്ന ജിപിഎസ് സ്പൂഫിങ് ഇന്ത്യൻ വ്യോമപാതയിലും അനുഭവപ്പെടുന്നതായി കേന്ദ്ര സർക്കാർ. പാകിസ്ഥാനോട് ചേർന്ന പ്രദേശങ്ങളിലാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാന കമ്പനികളിൽ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് ഒന്നര വർഷത്തിനിടെ 465 തവണ, ജിപിഎസ് സിഗ്നലുകളെ കബളിപ്പിക്കാനുള്ള സ്പൂഫിങ് നടന്നതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹുൽ വ്യാഴാഴ്ച ലോക്സഭയെ അറിയിച്ചു.
വിമാനങ്ങൾ ദിശമനസിലാക്കി ശരിയായ പാതയിൽ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന നാവിഗേഷൻ സംവിധാനങ്ങളെ വ്യാജ ഉപഗ്രഹ സിഗ്നലുകൾ ഉപയോഗിച്ച് കബളിപ്പിക്കുന്ന രീതിയാണ് സ്പൂഫിങ്. 2023 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ ജമ്മു, അമൃത്സർ മേഖലകളിലും പരിസരങ്ങളിലുമാണ് ഇത്തരം സ്പൂഫിങ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വ്യാജ സിഗ്നലുകൾ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) റിസീവറുകളെ കബളിപ്പിച്ച് വിമാനങ്ങളുടെ ലൊക്കേഷൻ തെറ്റായി മനസിലാക്കുകയും വ്യോമപാത, സമയം എന്നിവ സംബന്ധിച്ച് കൃത്യമല്ലാത്ത വിവരങ്ങൾ നൽകി വഴിതെറ്റിക്കുകയും ചെയ്യും. സാധാരണയായി സംഘർഷ മേഖലകളിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സ്പൂഫിങ് ശ്രദ്ധയിൽപ്പെടുമ്പോൾ അവ സിവിൽ വ്യോമയാന മന്ത്രാലയത്തെ അറിയിക്കണമെന്ന് കാണിച്ച് 2023 നവംബറിൽ സർക്കാർ നിർദേശം പുറത്തിറക്കിയിരുന്നു. ഇതിന് ശേഷം സ്പൂഫിങ് തുടർച്ചയായി അനുഭവപ്പെടുന്ന മേഖലകളിൽ ഈ പ്രശ്നം നേരിടുന്നതിനുള്ള നടപടികളും ആരംഭിച്ചു. വിമാനക്കമ്പനികൾ ഇത്തരം പ്രതിസന്ധിയെ അതിജീവിക്കുന്നതിന് കൃത്യമായ പ്രവർത്തന രീതിയുടെ അടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെയും യൂറോപ്യൻ യൂണിയൻ സേഫ്റ്റി ഏജൻസിയുടെയും മാർഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികളാണ് സ്പൂഫിങ് ഭീഷണിയെ ചെറുക്കാൻ സ്വീകരിച്ചുവരുന്നത്. ഇതിന് പുറമെ ഉപരിതലാധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് സർക്കാർ ഉറപ്പാക്കുന്നതോടെ, ജിപിഎസ് പ്രവർത്തന രഹിതമാവുന്ന സന്ദർഭങ്ങളിൽ മറ്റ് നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കാൻ പൈലറ്റുമാർക്ക് സാധിക്കും.
രാജ്യത്തെ വ്യോമഗതാഗത നാവിഗേഷൻ സംവിധാനങ്ങളുടെ ചുമതലയുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, തങ്ങളുടെ സാങ്കേതിക സംവിധാനങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്തി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജിപിഎസ് പ്രശ്നങ്ങൾ നേരിടുന്ന കാര്യത്തിൽ പൈലറ്റുമാർക്കും വിമാന കമ്പനികളുക്കുമായി ഡിജിസിഎ വിശദമായ സർക്കുലരും 2023ൽ പുറത്തിറക്കിയിരുന്നു.
സാധരണയായി ജിപിഎസ് പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനത്തെ കൺട്രോൾ ടവറിൽ നിന്ന് റഡാറിലൂടെ നിരീക്ഷിക്കാൻ എടിസിയോട് അഭ്യർത്ഥിക്കുകയുമാണ് ചെയ്യുന്നതെന്ന് പൈലറ്റുമാർ പറയുന്നു. ഇതിന് പുറമെ പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളും ഉപയോഗിച്ച് സ്പൂഫിങ് ശ്രമങ്ങളെ അതിജീവിക്കുന്നുണ്ട്.