അവര്‍ വീണു! ബുക്കിംഗില്‍ അതിവേഗം ‘എമ്പുരാന്‍’; റിലീസിന് 6 ദിവസം ശേഷിക്കെ അസാധാരണ നേട്ടം

മലയാളത്തില്‍ സമീപകാലത്ത് ഒരു ചിത്രത്തിനും ലഭിക്കാത്ത ഹൈപ്പ് ആണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ലഭിച്ചത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു ഈ ഹൈപ്പിന് കാരണം. വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടെന്ന് അറിയാമെങ്കിലും അത് ഇത്രത്തോളമാണെന്ന് ഇന്‍ഡസ്ട്രി തിരിച്ചറിഞ്ഞത് ഒരുപക്ഷേ ഇന്ന് ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതിന് ശേഷമാണ്. ഓരോ മണിക്കൂര്‍ മുന്നോട്ട് പോകുന്തോറും ബോക്സ് ഓഫീസില്‍ വലിയ അത്ഭുതങ്ങള്‍ എഴുതി ചേര്‍ത്തുകൊണ്ടിരിക്കുകയാണ് ചിത്രം. ഏറ്റവുമൊടുവില്‍ ഒരു പ്രധാന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

കേരളത്തില്‍ ഒരു സിനിമ റിലീസ് ദിനത്തില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് എമ്പുരാന്‍. റിലീസിന് ഇനിയും ആറ് ദിനങ്ങള്‍ ശേഷിക്കെ പ്രീ റിലീസ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയം. ഒരു മലയാള ചിത്രത്തിന്‍റെ ഏറ്റവും വലിയ കേരള ഓപണിംഗിന് ഉടമയായിരുന്ന, മോഹന്‍ലാലിന്‍റെ തന്നെ ഒടിയനെയും പാന്‍ ഇന്ത്യന്‍ കന്നഡ വിജയമായിരുന്ന കെജിഎഫ് 2 നെയും പിന്തള്ളിയാണ് എമ്പുരാന്‍ ലിസ്റ്റില്‍ രണ്ടാമത് എത്തിയിരിക്കുന്നത്. 

ഒടിയന്‍റെ കേരള ഓപണിംഗ് 7.25 കോടിയും കെജിഎഫ് 2 ന്‍റേത് 7.30 കോടിയും ആയിരുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെയും ഫാന്‍സ് ഷോകളിലൂടെയും എമ്പുരാന്‍ കേരളത്തില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്ന ആദ്യ ദിന കളക്ഷന്‍ 7.40 കോടിയാണ്. അതേസമയം വിജയ് ചിത്രം ലിയോയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 12 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. റിലീസിന് ആറ് ദിവസം ശേഷിക്കെ ഈ റെക്കോര്‍ഡ് മോഹന്‍ലാല്‍ സ്വന്തം പേരില്‍ ആക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്.

ALSO READ : പ്രശാന്ത് മുരളി നായകന്‍; ‘കരുതൽ’ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin