അത് എന്‍റെ മോനാണ്; തിരിച്ചറിഞ്ഞത് കയ്യിലെ ടാറ്റൂ കണ്ട്, കൊടുംകുറ്റവാളികൾക്കൊപ്പം ജയിലിൽ മകന്‍, ഞെട്ടി അമ്മ

ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കുപ്രസിദ്ധമായ ജയിലിലേക്ക് നാടുകടത്തിയ 238 പേരിൽ തന്റെ മകനും ഉണ്ടെന്ന് കണ്ടെത്തിയ ഞെട്ടലിൽ ഒരു വെനിസ്വേലൻ അമ്മ. 

തന്റെ മകൻ ഫ്രാൻസിസ്കോ ജോസ് ഗാർസിയ കാസികിനെ അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചതിന് നാടുകടത്തുകയാണെന്ന് മൈറെലിസ് കാസിക് ലോപ്പസിന് അറിയാമായിരുന്നു. പക്ഷേ, അവൻ വീട്ടിലേക്ക് മടങ്ങിവരുമെന്നായിരുന്നു അവർ കരുതിയിരുന്നത്. അവനായുള്ള കാത്തിരിപ്പിലായിരുന്നു ആ അമ്മ. 

പക്ഷേ, അവിചാരിതമായി എൽ സാൽവഡോറിലെ തടവറയിലേക്ക് കൊണ്ടുപോയ ട്രെൻ ഡി അരഗ്വ സംഘത്തിലെ അംഗങ്ങൾക്കിടയിൽ ഫ്രാൻസിസ്കോ ഇരിക്കുന്ന ചിത്രം വാർത്തകളിൽ കണ്ട ആ അമ്മ ഞെട്ടി. കൈകൾ ബന്ധിച്ച് വെളുത്ത ജയിൽ യൂണിഫോമിൽ മറ്റു തടവുപുള്ളികൾക്കൊപ്പം ഫ്രാൻസിസ്കോയും ഇരിക്കുന്ന ചിത്രമാണ് മൈറെലിസ് കണ്ടത്.  

മുഖഭാവവും കൈയിലെ ടാറ്റൂവും കണ്ടാണ് മൈറെലിസ് മകനെ തിരിച്ചറിഞ്ഞത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തടവിലാക്കപ്പെട്ടവരുടെ ഔദ്യോഗിക പേരുകളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും ജയിലിൽ കഴിയുന്നവരിൽ തന്റെ മകനും ഉണ്ടെന്നാണ് മൈറെലിസ് ബിബിസിയോട്  സംസാരിക്കവേ പറഞ്ഞത്. തന്റെ മകൻ നിരപരാധിയാണെന്നാണ് മൈറെലിസ് തറപ്പിച്ചു പറയുന്നു.

തന്റെ മകൻ ഒരു കുറ്റവാളിയല്ലന്ന് തറപ്പിച്ചു പറയുന്ന മൈറെലിസ് അയാൾ ഒരു ബാർബർ ആയിരുന്നുവെന്നും മെച്ചപ്പെട്ട ജോലി അവസരങ്ങൾ തേടിയാണ് 2019 -ൽ ഫ്രാൻസിസ്കോ  വെനിസ്വേല വിട്ടതെന്നും കൂട്ടിച്ചേർത്തു. 2023 സെപ്റ്റംബറിൽ ആണ് നിയമപരമായ അനുമതിയില്ലാതെ ഇയാൾ അമേരിക്കയിൽ പ്രവേശിച്ചത്.

അതേസമയം കുറ്റവാളികൾ ആണെന്ന് കൃത്യമായി പരിശോധിച്ച് തിരിച്ചറിഞ്ഞവരെ മാത്രമാണ് എൽ സാൽവഡോറിലെക്ക് മാറ്റിയത് എന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം. അപകടകാരികളായവരെ നീക്കം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin