ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ഒരു ചിത്രം എമ്പുരാന്‍ പോലെ സമീപകാലത്ത് മറ്റൊന്ന് ഉണ്ടായിട്ടില്ല. മാര്‍ച്ച് 27 എന്ന റിലീസ് തീയതിയോട് അടുക്കുന്തോറും വന്‍ ഹൈപ്പ് ആണ് ചിത്രം സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് നാളെ ആരംഭിക്കുകയേ ഉള്ളൂവെങ്കിലും അത് ആരംഭിച്ച മാര്‍ക്കറ്റുകളിലെല്ലാം തകര്‍പ്പന്‍ സെയില്‍ ആണ് നടക്കുന്നത്. അതിലൊന്നാണ് യുഎസ്എ. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം സിക്കന്ദറിനെപ്പോലും മലര്‍ത്തിയടിച്ചുകൊണ്ടാണ് അവിടെ എമ്പുരാന്‍റെ പടയോട്ടം.
ഇന്നലെ രാത്രി എത്തിയ കണക്കുകള്‍ പ്രകാരം സിക്കന്ദറിന് യുഎസില്‍ ഇതുവരെ ചാര്‍ട്ട് ചെയ്യപ്പെട്ടത് 506 ഷോകളാണ്. എമ്പുരാന് അതിന്‍റെ 13 ല്‍ ഒന്ന് പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഇതിനകം ചാര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 37 ഷോകള്‍. എന്നാല്‍ അതില്‍ നിന്ന് നേടിയതാവട്ടെ സിക്കന്ദര്‍ നേടിയതിന്‍റെ ഇരട്ടിയും. 506 ഷോകളില്‍ നിന്ന് സിക്കന്ദര്‍ നേടിയത് 16,047 ഡോളര്‍ (13.8 ലക്ഷം രൂപ) ആണെങ്കില്‍ വെറും 37 ഷോകളില്‍ നിന്ന് എമ്പുരാന്‍ നേടിയിരിക്കുന്നത് 36,349 ഡോളര്‍ (31.4 ലക്ഷം) ആണ്.
നിധിന്‍ നായകനാവുന്ന തെലുങ്ക് ചിത്രം മാഡ് സ്ക്വയറിന്‍റെ അഡ്വാന്‍സ് ബുക്കിംഗും യുഎസില്‍ ആരംഭിച്ചിട്ടുണ്ട്. 113 ഷോകളില്‍ നിന്ന് 13,871 ഡോളര്‍ (12 ലക്ഷം രൂപ) ആണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള നേട്ടം. യുഎസിനൊപ്പം കാനഡയിലും അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ പ്രതികരണമാണ് എമ്പുരാന്‍ നേടിയിട്ടുള്ളത്. ആദ്യ ഷോകള്‍ക്ക് ശേഷം പോസിറ്റീവ് പ്രതികരണം വരുന്നപക്ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് തകര്‍ക്കുന്ന ചിത്രമായിരിക്കും എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലും കാന്‍വാസിലും ഒരുങ്ങിയ ചിത്രമെന്ന നിലയില്‍ അത്തരമൊരു വിജയം ഈ ചിത്രത്തിന് ആവശ്യവുമാണ്.