വെളുത്ത വസ്ത്രവും തിളങ്ങുന്ന മൂക്കുത്തിയും ചുവന്ന പൊട്ടും, പ്രസവമോര്‍ക്കുമ്പോള്‍ അവരെ ഓര്‍മ്മവരും!

വെളുത്ത വസ്ത്രവും തിളങ്ങുന്ന മൂക്കുത്തിയും ചുവന്ന പൊട്ടും, പ്രസവമോര്‍ക്കുമ്പോള്‍ അവരെ ഓര്‍മ്മവരും!

വീല്‍ചെയറില്‍ ലേബര്‍റൂമിൽ എത്തിയപ്പോള്‍ പരിചയമുള്ള  ഡോക്ടറിന്‍റെ മുഖം കാണാനില്ല. കണ്ണില്‍ ഇരുട്ട് കയറും പോലെ. വേദന. ശരീരം തളരുന്നു. വ്യക്തമായി കാണാനോ കേള്‍ക്കാനോ ഒന്നും കഴിയുന്നില്ല സമയവും വേദനയും കൂടിക്കൊണ്ടിരുന്നു.

 

 

വെളുത്ത വസ്ത്രവും തിളങ്ങുന്ന മൂക്കുത്തിയും ചുവന്ന പൊട്ടും, പ്രസവമോര്‍ക്കുമ്പോള്‍ അവരെ ഓര്‍മ്മവരും!
  
‘എനിക്ക് പ്രസവിക്കണ്ട..’

മനുവേട്ടന്‍റെ കൈ പിടിച്ച് അങ്ങനെ പറയുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. വാക്കുകള്‍ പോലെ കണ്ണീരിനെയും വിഴുങ്ങാനും വഴിതിരിച്ചുവിടാനും ഞാന്‍ ശ്രമിച്ചു. 

രാത്രി 11 മണിയാണ്. നാളെയാണ് ദീപാവലി. പാലക്കാട് അഹല്യ ഹോസ്പിറ്റലില്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ സെക്കന്‍ഡ് ഫ്ലോറിലാണ് ഇപ്പോള്‍. മുറിക്കപ്പുറം ജനാലയിലൂടെ നോക്കുമ്പോള്‍ ദൂരെ ആകാശത്തില്‍ പലനിറത്തില്‍ മിന്നിച്ചിന്നി ചിതറുന്ന അമിട്ടുകള്‍ കാണാം. 

ഞാന്‍ പുറത്തേക്ക് നോക്കി കിടന്നു. ഇടിമിന്നല്‍ ഉണ്ട്. അച്ഛന്‍ ജനലുകള്‍ അടച്ചു. വേദന വരാനുള്ള മരുന്ന് തന്നിിട്ട് ഒരു മണിക്കൂറോളം ആയി. നഴ്‌സുമാര്‍ ഇടയ്ക്കിടെ വന്ന് കുഞ്ഞിന്‍റെ ഹാര്‍ട്ട് ബീറ്റും എന്‍റെ ബിപിയും ചെക്ക് ചെയ്യുന്നുണ്ട്. 

‘ ഇരട്ടക്കുട്ടികള്‍ ആണോ?’

എന്‍റെ വയറിന്‍റെ വലിപ്പം കണ്ട് ഏഴാം മാസം മുതല്‍ പലരും ചോദിക്കുമായിരുന്നു. ഇടയ്ക്ക് ടെസ്റ്റ് ചെയ്യാന്‍ എത്തിയ ഡോക്ടറിനോട് ഞാന്‍ ചോദിച്ചു, ‘എങ്ങനെയാ വേദന വരുക?’ 

‘എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ വിളിക്കൂ, പേടിക്കേണ്ട, അല്ലേല്‍ മോണിംഗ് ഓപ്പറേഷന്‍ ചെയ്യാം.’-ഡോക്ടര്‍ പറഞ്ഞു. 

‘അയ്യോ, ഓപ്പറേഷന്‍ വേണ്ട!’ എന്തോ ആ വാക്കിനോട് പേടിയാണ്. വീണ്ടും കണ്ണുകള്‍ നിറഞ്ഞു.

കാലുകള്‍ നന്നായി കടയുന്നുണ്ട് എന്തോ അരിച്ച് മുകളിലേക്ക് കേറും പോലെ. കാലുകള്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ട്. കാലുകള്‍ മാറ്റിവയ്ക്കാനോ കട്ടിലില്‍ നിന്ന് താഴെ ഇറങ്ങാനോ കഴിയുന്നില്ല. ജീവിതത്തില്‍ ആദ്യമായി, എണീക്കാന്‍ പരസഹായം വേണ്ടി വന്ന നിമിഷം. അമ്മയും മനുവേട്ടനും കാലുകള്‍ അമര്‍ത്തി തന്നുകൊണ്ടിരുന്നു. വാതില്‍ തുറന്നാല്‍ ഇടക്കൊക്കെ കരച്ചിലിന്‍റെ ശബ്ദം കേള്‍ക്കാം. 

‘ഞാന്‍ നിലവിളിച്ചു കരയില്ല ഇതൊരു ദൈവികമായ നിമിഷമായിരിക്കണം’. 

‘സമാധാനപ്പെടൂ, ടെന്‍ഷന്‍ ആവണ്ട’ -നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചു തന്ന് മനുവേട്ടന്‍ പറഞ്ഞു.

വേദന തുടങ്ങിയിരുന്നു. എപ്പോഴുമില്ല, ഇടയ്‌ക്കൊക്കെ വന്നു പോകുന്നു, എല്ലു നുറുങ്ങുന്ന വേദന. 

നല്ല ഇടിയും മഴയുമുണ്ട്. അച്ഛന്‍ നഴ്‌സിനെ വിളിച്ചു വന്നു. ‘വേദന തുടങ്ങിയല്ലേയുള്ളൂ കുറച്ച് സമയം ആവും’ 

പേടിയാവുന്നു. തളരുന്നു. ഛര്‍ദ്ദിക്കാന്‍ വരുന്നു. വെള്ളം വേണം. അല്ല ടോയ്ലറ്റില്‍ പോണം. വേദന അതികഠിനമാകുന്നു. തല കറങ്ങുന്നു. 

കരഞ്ഞില്ല. നിലവിളിച്ചില്ല. ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകുന്ന എന്നോട് അമ്മ പറഞ്ഞു, ‘ഡോര്‍ ലോക്ക് ചെയ്യേണ്ട, ഞാന്‍ ഇവിടെ നില്‍ക്കാം’
 
കുറേ തവണ ചര്‍ദ്ദിച്ച് ഞാന്‍ തളര്‍ന്നിരുന്നു. വീല്‍ചെയറില്‍ ലേബര്‍റൂമിൽ എത്തിയപ്പോള്‍ പരിചയമുള്ള  ഡോക്ടറിന്‍റെ മുഖം കാണാനില്ല. കണ്ണില്‍ ഇരുട്ട് കയറും പോലെ. വേദന. ശരീരം തളരുന്നു. വ്യക്തമായി കാണാനോ കേള്‍ക്കാനോ ഒന്നും കഴിയുന്നില്ല സമയവും വേദനയും കൂടിക്കൊണ്ടിരുന്നു.

‘പറവായില്ലേ അമ്മാ കൊഞ്ചം പൊറുത്തുങ്കോ’

‘ഇപ്പൊ കഴിയും ഭയപ്പെടവേണ്ട, എന്നുടെ കൈകള്‍ പിടിച്ചോളൂ’

നിറഞ്ഞൊഴുകുന്ന എന്‍റെ കണ്ണുകള്‍ തുടച്ച് അവര്‍ പറഞ്ഞു. തമിഴ് ചുവയുള്ള മലയാളം. ആ കൈകള്‍ ഞാന്‍ മുറുകെ പിടിച്ചു. നെറ്റിയിലെ ചുവന്ന പൊട്ട് പ്രകാശിക്കുന്നതായി തോന്നി. 

‘പുഷ് ദിവ്യ…. പുഷ്…. ട്രൈ… ട്രൈ…’ ഡോക്ടര്‍ ഉറക്കെ പറയുന്നുണ്ട്.

ഞാന്‍ മരിച്ചു പോവുകയാണോ…?

‘ഇല്ല…, കഴിഞ്ഞു’
 
അവരെന്‍റെ കൈകളില്‍ തലോടി. സ്റ്റിച്ച് ഇടണം. 

‘എനിക്ക് വേദനിക്കുന്നുണ്ട്.’-ഞാന്‍ പറഞ്ഞു. 

ബോധം നഷ്ടമാവാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

‘പെണ്‍കുഞ്ഞാണ്’ കണ്ണീരത്രയും ചിരിയായി മാറി. 

മനുവേട്ടനും അച്ഛനും അമ്മയും അടുത്തെത്തി. അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമായതിന്‍റെ സന്തോഷം അവരുടെ മുഖത്ത്. മുറി മലയാളം പറയുന്ന, മൂക്കുത്തിയും മീഞ്ചിയും ചുവന്ന പൊട്ടും തൊട്ട സിസ്റ്റര്‍ അടുത്തെത്തി എഴുന്നേല്‍ക്കാന്‍ സഹായിച്ചു.

വെളുത്ത തറ മുഴുവന്‍ രക്തത്താല്‍ ചുവന്നു. അവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം എന്‍റെ ശരീരത്തിലെ രക്തക്കറകള്‍ കഴുകിക്കളഞ്ഞു. നടക്കാനാവാതെ തെന്നി മാറുന്ന എന്നെ അവര്‍ ചേര്‍ത്ത് പിടിച്ചു. ഭാവമാറ്റങ്ങള്‍ ഒന്നുമില്ലാതെ ഒരു കുഞ്ഞനിയത്തിയോടെന്ന പോലെ പരിചരിച്ചു. സ്റ്റിച്ചില്‍ മരുന്ന് വച്ചു. 

മോള്‍ കരയുമ്പോള്‍ ഓടി എത്തി കൊഞ്ചിച്ച് തട്ടി ഉറക്കി. അവരുടെ വെളുത്ത വസ്ത്രവും തിളങ്ങുന്ന മൂക്കുത്തിയും ചുവന്ന പൊട്ടും എന്നും പ്രകാശിക്കുന്നതായി എനിക്ക് തോന്നി. 

ഒരുനാള്‍ കുശലം ചോദിക്കുന്നതിനിടയ്ക്ക് അമ്മ അവരോട് മക്കളെ കുറിച്ച് അന്വേഷിച്ചു. ‘എനക്ക് ഇനിയും കൊളന്ത ആവലേ, കല്യാണം കഴിഞ്ഞ് റൊമ്പ വര്‍ഷമായിരിച്ച്.’ അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 

മെഡിസിന്‍ ബോക്‌സ് എടുത്ത് അവര്‍ പോയി ഏറെ നേരം കഴിഞ്ഞും മുറി നിശബ്ദമായി തന്നെ ഇരുന്നു.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

By admin