രാജ്യവ്യാപകമായി പടര്‍ന്ന് പിടിച്ച പക്ഷിപ്പനി ഇത്രയും വലിയ ചതി ചെയ്യുമെന്ന് ട്രംപ് പോലും കരുതിക്കാണില്ല. പക്ഷിപ്പനി പടർന്നതോടെ പതിനായിരക്കണക്കിന് മുട്ടക്കോഴികളെ കൊന്നൊടുക്കേണ്ടി വന്നു. ഇതോടെ മുട്ടയുത്പാദനം പ്രതിസന്ധിയിലായി. ഒരു മുട്ടയില്‍ ഇത്രവല്യ കാര്യം എന്തിരിക്കുന്നുവെന്നാണെങ്കില്‍, യുഎസിലെ തീന്‍മേശയിലെത്തണം. മുട്ട അവിടെ ഒരു പ്രധാനവിഭവമാണ്. ഇന്ന് അത് സമ്പന്നരുടെ മാത്രം തീന്‍മേശയിലൊതുങ്ങി. യുഎസിലേക്ക് മുട്ടക്കള്ളക്കടത്ത് വരെ നടക്കുന്നെന്ന് വാര്‍ത്തകൾ വന്ന് തുടങ്ങി.
പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ട്. രണ്ടാം തവണ അധികാരം ഏറ്റെടുത്തപ്പോൾ ട്രംപിന്‍റെ വാഗ്ദാനമായിരുന്നു മുട്ട വില കുറയ്ക്കുമെന്നുള്ളത്. പക്ഷേ. അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ മുട്ട വില 59 ശതമാനം വര്‍ദ്ധിച്ചെന്ന് കണക്കുകൾ പറയുന്നു. ഇതിനിടെയായിരുന്നു യുഎസിന്‍റെ വിദേശനയത്തിൽ ട്രംപ് കാര്യമായ മാറ്റങ്ങൾ നിര്‍ദ്ദേശിച്ചത്. എല്ലാ ഇറക്കുമതി ഉത്പന്നങ്ങൾക്കും രാജ്യം നോക്കാതെ നികുതി വന്നതോടെ പ്രതിസന്ധിയിലായത്, യുഎസ് വിപണിയെ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങൾ. ഇതോടെപ്പം ഡെന്‍മാർക്കിനോട് ഗ്രീന്‍ലന്‍ഡ് ആവശ്യപ്പെട്ടതും മറ്റൊരു വിവാദമായി.
യൂറോപ്പിനോടുള്ള നയം മാറ്റം, ഒരു മുട്ടക്കാര്യത്തില്‍ യുഎസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഫിന്‍ലന്‍ഡും ഡെന്‍മാർക്കും സ്വീഡനും നെതർലന്‍ഡും യുഎസിന്‍റെ മുട്ട ആവശ്യത്തെ തള്ളി. ഇതോടെ മുട്ട ചോദിച്ച് ലത്വാനിയയെ സമീപിച്ചിരിക്കുകയാണ് യുഎസ് എന്ന വാര്‍ത്തകൾ പുറത്ത് വന്നു. രാജ്യത്തെ മുട്ട ഉത്പാദകരുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ലിത്വാനിയന്‍ പോൾട്രി അസോസിയേഷന്‍ അറിയിച്ചു. ഇത് സമൂഹ മാധ്യമങ്ങളില്‍ ‘ട്രംപ് നയതന്ത്രം’ ചൂടേറിയ ചര്‍ക്കയാക്കി മാറ്റി. ഡൊണാൾഡ് ട്രംപിന്‍റെ ബ്രാൻഡ് നയതന്ത്രം എന്നത് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ഹാഷ്ടാഗായി മാറി.
വിരോധാഭാസമെന്നാണ് സമൂഹ മാധ്യമങ്ങൾ കുറിച്ചത്. മറ്റ് രാജ്യങ്ങൾക്ക് നികുതി ഏര്‍പ്പെടുത്തിയ ട്രംപ്, മുട്ടയ്ക്ക് വേണ്ടി രാജ്യങ്ങളുടെ വാതില്‍ പോയി ഭിക്ഷയാചിക്കുന്നുവെന്ന് യൂറോപ്യന്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി കളിയാക്കപ്പെട്ടു. ‘അക്ഷരാര്‍ത്ഥത്തില്‍ വാതില്‍തോറുമുള്ള യാചനയായി’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ചിലര്‍ ട്രംപ് – സെലന്‍സ്കി ചര്‍ച്ചയെ വരെ വിഷയത്തിലേക്ക് കൊണ്ടുവന്നു. വലിയ രാജ്യമാണ് പക്ഷേ, ഒരു ചെറിയ മുട്ടയ്ക്ക് വേണ്ടി അലയുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.
Read More: ടേക്ക് ഓഫിന് പിന്നാലെ ആടിയുലഞ്ഞ് വിമാനത്തിലെ സീറ്റുകൾ; ക്ഷമാപണം നടത്തി എയർലൈന്‍, വീഡിയോ