വിസ് 32 ബില്യണ്‍ ഡോളറിന് സ്വന്തം; ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ടെക് ലോകം കണ്ണുതള്ളിയ ദിനം, ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വിസിനെ (Wiz) 32 ബില്യണ്‍ യുഎസ് ഡോളറിനാണ് ഗൂഗിൾ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19-നാണ് വിസിനെ ഗൂഗിൾ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ടെക് ഭീമന്മാരായ ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഇടപാടായി അങ്ങനെ ഈ സ്വന്തമാക്കൽ മാറി. 2012ല്‍ മോട്ടോറോള മൊബിലിറ്റിയെ 12.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതായിരുന്നു ഇതിന് മുമ്പ് ഗൂഗിളിന്‍റെ ഏറ്റവും വലിയ സ്വന്തമാക്കല്‍. 

5.4 ബില്യൺ നൽകി സൈബർ സുരക്ഷാ കമ്പനിയായ മാൻഡിയന്‍റ് (Mandiant) ഏറ്റെടുത്തതായിരുന്നു ആല്‍ഫബറ്റ് അവസാനം നടത്തിയ ബിഗ് ഡീല്‍. 2022ലായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതിന് പിന്നാലെയാണ് 32 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി വിസിനെ ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുന്നത്. ടെക് രംഗത്ത് ആമസോണിനെയും മൈക്രോസോഫ്റ്റിനെയും മറികടക്കാനും, ക്ലൗഡിന്‍റെ സുരക്ഷയും എഐ ശേഷിയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗൂഗിളിന്‍റെ ഈ നീക്കം. ഇനി മുതൽ വിസ് ഗൂഗിളിന്‍റെ ക്ലൗഡ് സേവന വിഭാഗത്തിലേക്ക് മാത്രം ചുരുങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോമുകളില്‍ വിസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും. 

ആദ്യ ശ്രമം പരാജയം

കഴിഞ്ഞ വർഷം 2024 ജൂലൈയിൽ ഗൂഗിൾ വിസിനെ ഏറ്റെടുക്കുന്നതിനെ കുറിച്ചു ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയം ആയിരുന്നു ഫലം. ഗൂഗിൾ 23 ബില്യൺ ഡോളറിന്‍റെ ബിഡ് ആണ് മുന്നോട്ടുവെച്ചത്. അന്നത്തെക്കാൾ 10 ബില്യൺ അധികം നൽകിയാണ് ഇപ്പോള്‍ വിസുമായി ഗൂഗിൾ കരാർ ഒപ്പുവയ്ക്കുന്നത്. 2026-ഓടെ പുതിയ കരാർ നിലവിൽ വരും എന്നാണ് ടെക്ക് ലോകത്തെ വാര്‍ത്ത. 

പുത്തന്‍ ഡീലിനെ കുറിച്ച് വിശദമായി

നിലവിൽ ജനറേറ്റീവ് എഐ വിപ്ലവത്തില്‍ കടുത്ത മത്സരമാണ് ക്ലൗഡ് സേവന വിപണിയിൽ നടക്കുന്നത്. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ് അസൂർ തുടങ്ങിയ ക്ലൗഡ് സേവന ദാതാക്കൾ ലാര്‍ജ് ലാംഗ്വേജ് മോഡലുകളും ജനറേറ്റീവ് എഐ സേവനങ്ങളും ക്രിയേറ്റ് ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നതിനാൽ ഗൂഗിളിന് തങ്ങളുടെ കസേരയും ഉറപ്പിച്ചേ മതിയാകൂ. അതുകൊണ്ടാണ് ക്ലൗഡ് സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ വിസിനെ മോഹവില നൽകി ഗൂഗിൾ സ്വന്തമാക്കുന്നത്. ക്ലൗഡ് പ്ലാറ്റ്‌ഫോം വളർച്ചയുടെ കാര്യത്തിൽ 15 ശതമാനം മാത്രം വിപണി വിഹിതമുള്ള ഗൂഗിൾ AWS, Azure എന്നിവയെക്കാൾ പിന്നിലാണ്. ആയതിനാൽ, ഈ മേഖലയിലെ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി കമ്പനി Wiz-ന്‍റെ അടുത്ത തലമുറ ക്ലൗഡ് സുരക്ഷാ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

സൈബർ ഭീഷണികള്‍ കണ്ടെത്താനും തടയാനും പ്രതികരിക്കാനും കഴിവുള്ള നിരവധി ക്ലൗഡ് സുരക്ഷാ പരിഹാരങ്ങൾ അനേകം കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പ്രധാനികളാണ് വിസ്. AWS, Google, Azure, Oracle തുടങ്ങിയ പ്രമുഖ ക്ലൗഡ് സേവന ദാതാക്കൾ വിസിന്‍റെ മുൻകാല ഉപയോക്താക്കളാണ്. വിസ് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന് ഇന്ത്യയിലും സാന്നിധ്യമുണ്ടെന്നത് മറ്റൊരു പ്രത്യേകത.

Read more: എഐ ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കില്ലെന്ന ചട്ടം തിരുത്തി ഗൂഗിള്‍; ലോകമാകെ ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin