വാരിവലിച്ച് കഴിക്കലല്ല, എങ്കിലും വൈവിധ്യമാര്‍ന്ന മെനു; ബഹിരാകാശ നിലയത്തിലെ ഭക്ഷണക്രമത്തെ കുറിച്ച് അറിയാനേറെ

നാസയുടെ ബഹിരാകാശ യാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും നിക് ഹേഗും, റഷ്യന്‍ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവും കഴിഞ്ഞ ദിവസം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവര്‍ എന്താണ് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതെന്ന ചോദ്യം പലപ്പോഴും ആളുകളുടെ മനസിൽ ഉയർന്നുവരാറുണ്ട്. ഐഎസ്എസിലെ ഗവേഷകര്‍ എന്താണ് കഴിക്കുന്നത്, ഇതാ ബഹിരാകാശത്തെ ഭക്ഷണ രീതികളെ കുറിച്ച് അറിയേണ്ടതെല്ലാം.

സ്പേസ് ഫുഡ്

ബഹിരാകാശ യാത്രികര്‍ക്ക് കഴിക്കാനായി പ്രത്യേകം തയ്യാറാക്കിയതും പാക്ക് ചെയ്തതുമായ ഭക്ഷണമാണ് ലഭ്യമാക്കാറ്. യാത്രികരുടെ സന്തുലിതമായ ഡയറ്റും പോഷകവും ഉറപ്പിക്കുന്നതിനായാണിത്. ഇവ ദീര്‍ഘകാലം സൂക്ഷിക്കുന്നത് ലക്ഷ്യമിട്ട് ഖരരൂപത്തിലോ ഫ്രീസ് ചെയ്തവയോ ആയിരിക്കും. കഴിക്കുന്നതിന് മുമ്പ് ഇവ റീഹൈഡ്രേറ്റ് ചെയ്യാനാവും. ട്യൂബുകള്‍, കാനുകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയിലാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള ഭക്ഷണം പാക്ക് ചെയ്യുക. 

ഐ‌എസ്‌എസിലെ ഭക്ഷണം

പരിമിതമെങ്കിലും ഫ്രഷ് ഭക്ഷണങ്ങള്‍ ബഹിരാകാശ നിലയത്തിലെ യാത്രികര്‍ക്ക് ലഭ്യമാക്കാറുണ്ട്. ഭൂമിയിലെ പോലെ വാരിവലിച്ച് കഴിക്കാനും പ്രതീക്ഷിക്കേണ്ട. എന്നാല്‍ ആരോഗ്യം സുരക്ഷിതമായി നിലനിര്‍ത്താനാവശ്യമായ എല്ലാ പോഷകങ്ങളും ഡയറ്റില്‍ ഉറപ്പിക്കും. കുടിക്കാനായി ചായോയോ കോഫിയോ തയ്യാറാക്കാനുള്ള സാധനങ്ങള്‍ നിലയത്തില്‍ സ്റ്റോക്കുണ്ടാകും. ബഹിരാകാശ യാത്രികരുടെ ഭക്ഷണത്തിൽ പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്ക്‌ടെയിലുകള്‍ തുടങ്ങി മുൻകൂട്ടി പായ്ക്ക് ചെയ്ത കംഫർട്ട് ഭക്ഷണങ്ങളും ഫ്രീസ്-ഡ്രൈഡ് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ടിരുന്നു. 

ഭക്ഷണം തയ്യാറാക്കൽ

മാംസവും മുട്ടയും ഭൂമിയിൽ മുൻകൂട്ടി പാകം ചെയ്തവയാണ്. വീണ്ടും ചൂടാക്കൽ മാത്രമേ ആവശ്യമുള്ളൂ. സൂപ്പ്, സ്റ്റ്യൂ തുടങ്ങിയ നിർജ്ജലീകരണം ചെയ്ത ഭക്ഷണങ്ങൾ വീണ്ടും ദ്രാവകരൂപത്തിലാക്കാന്‍ ബഹികാശ നിലയത്തിന്‍റെ 530-ഗാലൺ ശുദ്ധജല ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നു. 

പരിമിതമായ പുതിയ ഉൽപ്പന്നങ്ങൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്നത് പോലെ തന്നെ കാര്‍ഗോ ഫ്ലൈറ്റുകളുമുണ്ട്. ഇവയിലൂടെ ഐഎസ്എസിലെ താമസക്കാര്‍ക്ക് മതിയായ ഭക്ഷണ സാധനങ്ങളില്‍ ഐഎസ്എസിലേക്ക് വരും. ഇവയില്‍ ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ജീവനക്കാർ പുതിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൈവിധ്യമാർന്ന ഭക്ഷണം

ബഹിരാകാശ യാത്രികർക്ക് പ്രഭാതഭക്ഷണ ധാന്യങ്ങൾ, പൊടിച്ച പാൽ, പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്ക്‌ടെ‌യിലുകൾ, ട്യൂണ എന്നിവ ലഭ്യമായിരുന്നുവെന്ന് ഒരു സ്പെഷ്യലിസ്റ്റ് ഇൻസൈഡർ പറയുന്നു. നാസയിലെ ബഹിരാകാശ ഡോക്ടർമാർ യാത്രികരുടെയെല്ലാം കലോറി ഉപഭോഗം നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് ഡയറ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 

നാസ ചിത്രം

സെപ്റ്റംബർ 9-ന് നാസ പുറത്തിറക്കിയ ഒരു ചിത്രത്തിൽ ബുച്ച് വിൽമോറും സുനിത വില്യംസും ഐ‌എസ്‌എസിൽ ഭക്ഷണം കഴിക്കുന്നതായി കാണിച്ചിരുന്നു. ഈ ഫോട്ടോയില്‍ ഭക്ഷണ വസ്‍തുക്കളിൽ ചിലത് കാണാമായിരുന്നു.

‘താങ്ക്സ് ഗിവിംഗ് ഡേ’

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഭക്ഷണ വൈവിധ്യത്തിന് മറ്റൊരു ഉദാഹരണം പറയാം. പരമ്പരാഗത വിഭവങ്ങളായ സ്മോക്ക്ഡ് ടർക്കി, ക്രാൻബെറി സോസ്, ഗ്രീൻ ബീൻസ്, ആപ്പിൾ കോബ്ലർ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക വിഭവവുമായാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടക്കമുള്ളവര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിച്ചത്. 

ശരീരഭാരം കുറയ്ക്കൽ സംബന്ധിച്ച ആശങ്കകൾ

ഐഎസ്എസിലെ ഭക്ഷണത്തിന്‍റെ അഭാവം മൂലമല്ല ബഹിരാകാശ യാത്രികരുടെ ഭാരം കുറയുന്നതെന്ന് സ്പെഷ്യലിസ്റ്റുകൾ വ്യക്തമാക്കുന്നു. അപ്രതീക്ഷിത ദൗത്യ വിപുലീകരണങ്ങൾക്കുള്ള അധിക സാധനങ്ങൾക്കൊപ്പം, ഒരു ബഹിരാകാശ യാത്രികന് പ്രതിദിനം ഏകദേശം 3.8 പൗണ്ട് ഭക്ഷണം ഐഎസ്എസിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Read more: ഫുട്ബോളില്‍ കട്ട ഡിഫന്‍ഡര്‍, ആകാശത്തും ബഹിരാകാശത്തും സ്ട്രൈക്കര്‍; 62-ാം വയസിലും ഞെട്ടിച്ച് ബുച്ച് വില്‍മോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin