ബുക്ക് മൈ ഷോയില്‍ മാത്രം 1.2 കോടി ടിക്കറ്റുകള്‍! റെക്കോര്‍ഡിട്ട് ആ സിനിമ
സിനിമകളുടെ ജനപ്രീതി എത്രയെന്ന് വിലയിരുത്താന്‍ ഇന്ന് പല മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ബോക്സ് ഓഫീസ് കളക്ഷന്‍. പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും ടിക്കറ്റ് ബുക്കിംഗിനായി ആശ്രയിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ വില്‍പ്പനയുടെ കണക്കുകളും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ ഒരു ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നേടിയ വില്‍പ്പനയുടെ കണക്കുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ വിജയങ്ങളിലൊന്നായ ഛാവയാണ് അത്.
മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കുന്ന ചിത്രം സംവിധാനം ചെയ്തത് ലക്ഷ്മണ്‍ ഉടേക്കര്‍ ആണ്. ഫെബ്രുവരി 14, വാലന്‍റൈന്‍സ് ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ വിക്കി കൗശല്‍ ആണ് നായകന്‍. 12 മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം വിറ്റത്. അതായത് 1.2 കോടി ടിക്കറ്റുകള്‍. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ ചിത്രം ആയിരിക്കുകയാണ് ഇതോടെ ഛാവ.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 767 കോടി രൂപയാണ്. ഇന്ത്യന്‍ ഗ്രോസ് 677 കോടിയും നെറ്റ് 570 കോടിയും. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രഷ്മിക മന്ദാന നായികയായ ചിത്രത്തില്‍ അക്ഷയ് ഖന്ന, ഡയാന പെന്‍റി, നീല്‍ ഭൂപാളം, അശുതോഷ് റാണ, ദിവ്യ ദത്ത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. മനീഷ് പ്രധാന്‍ എഡിറ്റിംഗ്. പെന്‍ മരുധറും യാഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.