പൊതിച്ചോർ വീട്ടിലെത്തും സമയം നോക്കി കൊല്ലത്തെ ഓട്ടോ ഡ്രൈവറുടെ കുബുദ്ധി, ഭക്ഷണവുമായെത്തി മാല കവർന്നു, പിടിയിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വർണ്ണമാല വീട്ടിൽ കയറി കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. മുരുക്കുമൺ സ്വദേശിയായ പ്രദീപിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുന്ന ഓമനയമ്മയ്ക്ക് ബന്ധുക്കളാണ് ഉച്ചഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുന്നത്. ചില ദിവസങ്ങളിൽ ചില ഓട്ടോ ഡ്രൈവർമാരുടെ കൈവശം പൊതിച്ചോറ് കൊടുത്തുവിട്ടിരുന്നു. ഇതു മനസിലാക്കിയ ഓട്ടോ ഡ്രൈവറായ പ്രദീപ് ആരും ആവശ്യപ്പെടാതെ തന്നെ ഭക്ഷണവുമായി ഓമനയുടെ വീട്ടിൽ എത്തി മാലപൊട്ടിച്ച് കടക്കുകയായിരുന്നു. ഓമനയിൽ നിന്നും അയൽവാസികളിൽ നിന്നും വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് മണിക്കുറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. സ്വർണമാല ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം