പുതിയ ജോലി കിട്ടിയപ്പോൾ രാജിക്കത്ത് കൊടുത്തു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, നിരാശ പങ്കിട്ട് യുവതിയുടെ പോസ്റ്റ്

ജോലിസംബന്ധമായി ആളുകൾ വളരെ അധികം ആശങ്കാകുലരാകുന്ന ഒരു കാലത്തിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും പിരിച്ചുവിടലുകൾ സാധാരണമായിക്കൊണ്ടിരിക്കുന്നു. എടുക്കുന്ന തൊഴിലാളികളെ തന്നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു, ലക്ഷങ്ങൾ മുടക്കി കോഴ്സ് കഴിഞ്ഞിറങ്ങിയവർക്ക് തുച്ഛമായ ശമ്പളമുള്ള ജോലി സ്വീകരിക്കേണ്ടി വരുന്നു, അങ്ങനെ പലതരം പ്രശ്നങ്ങളാണ്. 

ജോലിസംബന്ധമായ തങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും ഒക്കെ ആളുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജോലി കിട്ടി നിലവിലുള്ള കമ്പനിയിൽ രാജിക്കത്തും കൊടുത്താൽ നോട്ടീസ് പീരിയഡ് ഒഴിവാക്കി പോകാൻ പലപ്പോഴും സാധിക്കില്ല. എന്നാൽ, പലരും നോട്ടീസ് പീരിയഡിലുള്ള കാലത്ത് വളരെ ഫ്രീയായി ജോലി ചെയ്യാറാണ് പതിവ്. 

എന്നാൽ, പോസ്റ്റിട്ടിരിക്കുന്ന യുവതിയെ സംബന്ധിച്ച് ആ കാലയളവ് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. കാരണം, പുതിയ ഒരു ജോലി കിട്ടിയപ്പോഴാണ് യുവതി രാജിക്കത്ത് കൊടുത്തത്. എന്നാൽ, നീണ്ട നോട്ടീസ് പീരിയഡ് കഴിയുന്നത്ര കാലം കാത്തിരിക്കാൻ പുതിയ കമ്പനി ഒരുക്കമായിരുന്നില്ല. അങ്ങനെ, അവർ തങ്ങളുടെ ഓഫർ പിൻവലിക്കുകയും ചെയ്തു. അതോടെ യുവതി ആകെ പ്രതിസന്ധിയിലായി. ഉള്ള ജോലി പോവുകയും ചെയ്തു, പുതിയത് കിട്ടിയുമില്ല എന്ന അവസ്ഥ. താനിനി എന്താണ് ചെയ്യുക, രാജി പിൻവലിക്കണോ എന്നാണ് യുവതിയുടെ സംശയം. 

നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ രാജിക്കത്ത് പിൻവലിക്കാനാണ് യുവതിയെ ഉപദേശിച്ചത്. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് ഒരു തവണ രാജിക്കത്ത് നൽകിയ ജീവനക്കാരിയെ കമ്പനി അത്ര നല്ല രീതിയിലായിരിക്കില്ല ഇനിയങ്ങോട്ട് പരി​ഗണിക്കുക. അതിനാൽ സജീവമായി മറ്റൊരു ജോലിക്ക് വേണ്ടി അന്വേഷിക്കുക എന്നാണ്. 

(ചിത്രം പ്രതീകാത്മകം)

By admin

You missed