പല തെറ്റ് ചെയ്യുമ്പോൾ മോദി ഒരു ശരിചെയ്തു, റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങുന്നത് ശരിയായ നിലപാട്: ജോൺ ബ്രിട്ടാസ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ മോദിയേയും കോൺഗ്രസ് നേതാവ് ശശി തരൂരിനേയും പുകഴ്ത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. റഷ്യയെ ഉപരോധിക്കല്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോൾ തരൂർ പരിഹസിച്ചതാണ്. ഇപ്പോൾ തരൂർ നിലപാട് മാറ്റിയതാണ് തുറന്നു കാട്ടിയത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് മോദി തുടർന്നത് ശരിയായ നിലപാടായിരുന്നു. പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരി ചെയ്തു. അമേരിക്കൻ വിധേയത്വത്തിന്‍റെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടെന്നും ബ്രിട്ടാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
നിരവധി അന്താരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന റായ് സിന സംവാദത്തിലാണ് തരൂർ പ്രധാന മന്ത്രിയുടെ നിലപാടിനെ വീണ്ടും പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂർ ചൂണ്ടിക്കാട്ടി.തരൂരിന്റെ പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു.തരൂരിന്റെ സത്യസന്ധത പ്രശംസനീയമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശശി തരൂരിന്റെ പ്രസ്താവന രാഹുൽ ഗാന്ധിക്ക് കനത്ത അടിയെന്ന് അമിത് മാളവ്യ ഏക്സിൽ കുറിച്ചു. കെസി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ സുധാകരൻ തുടങ്ങിയവർ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും ചില നേതാക്കൾ കടുത്ത അമർഷമാണ് പ്രകടിപ്പിക്കുന്നത്
ഇതിനിടെയാണ് ശശി തരൂരിനെ സിപിഎം പിന്തുണച്ചത്. റഷ്യയെ തള്ളാതെ മോദി കൈക്കൊണ്ട നയം തന്നെയാണ് സിപിഎമ്മിനും ഉണ്ടായിരുന്നതെന്ന് ജോൺ ബ്രിട്ടാസ് വിശദീകരിച്ചു. ഇക്കാര്യത്തിലാണ് ജോണ്‍ ബ്രിട്ടാസ് ഇന്ന് വ്യക്തത വരുത്തിയത്