സേലം–ബെംഗളൂരു ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തിയ സംഘം ഭാര്യയുടെ കൺമുന്നിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. സേലം കിച്ചിപ്പാളയം സ്വദേശി ജോൺ (35) ആണു വെട്ടേറ്റു മരിച്ചത്. തിരുപ്പൂരിൽ ഇരുചക്ര വാഹന ഫൈനാൻസ് നടത്തുന്ന ജോൺ കൊലപാതക ശ്രമം, ആക്രമണക്കേസുകളിൽ പ്രതിയാണ്.
ഒരു കേസുമായി ബന്ധപ്പെട്ടു സ്റ്റേഷനിൽ ഹാജരാകാൻ സേലത്തു നിന്നു തിരുപ്പൂരിലേക്കു പോകുന്നതിനിടെ ഈറോഡ് നസിയന്നൂരിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം.തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഭാര്യ ശരണ്യ നസിയന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്കായുള്ള തിരച്ചിലിനിടെ പൊലീസിനു നേരെ ആക്രമണം നടത്തി കടന്നുകളയാൻ ശ്രമിച്ച സംഘത്തിലെ 3 പേരെ പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി. ഇവർ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ഒരാൾകൂടി പൊലീസ് പിടിയിലായി. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. കൊലപാതകത്തിനു പിന്നിൽ മുൻവൈരാഗ്യമാണെന്നു പൊലീസ് സംശയിക്കുന്നു.
പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനാലാണു വെടിവയ്ക്കേണ്ടിവന്നതെന്നു സ്ഥലം സന്ദർശിച്ച കോയമ്പത്തൂർ ഡിഐജി ശശി മോഹൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജവഹർ ഉൾപ്പെടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സിത്തോട് പൊലീസാണു കേസ് അന്വേഷിക്കുന്നത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *