കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇഡി റെയ്ഡ്, പരിശോധന നടത്തുന്നത് ദില്ലിയിൽ നിന്നുള്ള സംഘം
കോട്ടയം: കോട്ടയത്ത് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. ദില്ലിയിൽ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്.
ഒറ്റപ്പാലം പനമണ്ണയിലെ പ്രവാസി വ്യവസായിയുടെ വസതിയിലും ഇഡിയുടെ പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രവാസി വ്യവസായിയുടെ വീടിന് സമീപത്തുള്ള ഒരു ബന്ധുവിനെയും ഇ.ഡി വിളിച്ചുവരുത്തിയിട്ടുണ്ട്. വൻ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് പരിശോധന നടക്കുന്നത്.