കൊതുക് ശല്യം സഹിക്കാൻ വയ്യേ? ഭൂമിയിലുണ്ട് കൊതുകുകളില്ലാത്ത രണ്ടേ രണ്ടിടങ്ങൾ!
കൊതുകുകളുടെ ശല്യമില്ലാതെ ശാന്തമായി ഉറങ്ങാൻ കഴിയുന്ന ഒരു ലോകം സങ്കൽപ്പിച്ചിട്ടുണ്ടോ? കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചിലോ രാത്രിയിൽ ചെവിയിലെ മൂളലോ ഒന്നുമില്ലാതെ സമാധാനമായിരിക്കാൻ ആഗ്രഹമുണ്ടോ? വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരം ഈ ലോകത്ത് കൊതുകുകളുടെ ശല്യമില്ലാത്ത രണ്ടേ രണ്ടിടങ്ങൾ മാത്രമേയുള്ളൂ. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഐസ്‌ലാൻഡ്
വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഐസ്‌ലാൻഡ്. ഐസ് ഗുഹകൾ, ബ്ലാക്ക് സാൻഡ് ബീച്ചുകൾ, ജിയോതെർമൽ സ്പാകൾ തുടങ്ങി അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെ നാടാണ് ഐസ്‌ലാൻഡ്. പക്ഷേ, ഇവിടെ ഇല്ലാത്ത ഒന്നുണ്ട്, കൊതുകുകൾ. ക്രമരഹിതമായ താപനില വ്യതിയാനങ്ങൾ കാരണം കൊതുകുകൾക്ക് ഇവിടെ അതിജീവിക്കാൻ കഴിയില്ല. കൊതുകുകളുടെ മുട്ടകൾ വിരിയാൻ സ്ഥിരമായ താപനില ആവശ്യമാണ്. ഐസ്‌ലാൻഡിലെ ചൂടും തണുപ്പും തമ്മിലുള്ള പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ കൊതുകുകളുടെ മുട്ട വിരിയുന്നതിന് തടസം സൃഷ്ടിക്കും. അതിനാൽ, എവിടെ പോയാലും കൊതുക് കടിക്കുമോയെന്ന കാര്യത്തിൽ ടെൻഷൻ വേണ്ട.
അന്റാർട്ടിക്ക
കൊതുക് കടിയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പോകാൻ പറ്റുന്നയിടമാണ് അന്റാർട്ടിക്ക. തണുത്ത് വിറയ്ക്കുന്ന താപനിലയും വെള്ളം കെട്ടിനിൽക്കാൻ സ്ഥലമില്ലാത്തതും കാരണം അന്റാർട്ടിക്കയിൽ കൊതുകുകൾക്ക് അതിജീവിക്കുകയെന്നത് സാധ്യമല്ല. കൊതുകുകൾക്ക് പ്രജനനത്തിന് വെള്ളം ആവശ്യമുണ്ട്. അന്റാർട്ടിക്കയിൽ ഐസ് രൂപീകരണത്തിന് പുറമെ വളരെ അപൂർവമായി മാത്രമേ വെള്ളം നിലനിൽക്കുന്നുള്ളൂ. അതിനാൽ ഐസുകൾ നിറഞ്ഞ അന്റാർട്ടിക്കയിൽ കൊതുകുകൾക്ക് ജീവിക്കാൻ ഒരു കാരണവശാലും കഴിയില്ല.
ധാരാളം വെള്ളം കെട്ടിനിൽക്കുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിലാണ് കൊതുകുകൾ വളരുന്നത്. ഉഷ്ണമേഖലാ മഴക്കാടുകളും മൺസൂൺ കാലങ്ങളും ഉള്ള ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങളിലാണ് കൊതുകുകളെ ധാരാളമായി കണ്ടുവരുന്നത്. എന്നാൽ ഐസ്‌ലാൻഡ്, അന്റാർട്ടിക്ക പോലുള്ള സ്ഥലങ്ങളിൽ കഠിനമായ തണുപ്പുള്ളതും വെള്ളം മരവിക്കുന്നതുമായ കാലാവസ്ഥയിൽ കൊതുകുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ കഴിയില്ല. നേരത്തെ, ഐസ്‌ലാൻഡിലെ ലാബിൽ കൊതുകുകൾക്ക് അനുയോജ്യമായ സാഹചര്യമൊരുക്കി ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയെങ്കിലും അവയ്ക്ക് അതിജീവിക്കാൻ കഴിഞ്ഞില്ല. അതിനാൽ, കൊതുകില്ലാത്ത യാത്രയാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഈ സ്ഥലങ്ങൾ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരിക്കണം.
READ MORE: ഇനി മതിവരുവോളം ഫോട്ടോയെടുക്കാം; 7 പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി