കേരള ബാങ്ക് വീട് ജപ്‌തി ചെയ്തു; കുടുംബത്തെ ഇറക്കിവിട്ടു; വയോധികയും കുട്ടികളും രാത്രി ഉറങ്ങിയത് വരാന്തയിൽ

കാസ‍ർകോട്: വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കാസർകോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി ചെയ്തത്. ആറര ലക്ഷം രൂപ കുടിശികയായതിനെ തുടർന്നാണ് ബാങ്കിൻ്റെ നടപടി. വീട്ടുകാർ വീട് പൂട്ടി ആശുപത്രിയിൽ പോയ സമയത്താണ് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി സീൽ ചെയ്തത്. ഇതേ തുട‍ർന്ന് ഇന്നലെ രാത്രി കുടുംബം വീടിൻ്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്.

രണ്ട് ലക്ഷം രൂപ 2010 ലാണ് കുടുംബം കാർഷികാവശ്യത്തിനായി വായ്പയെടുത്തത്. തെങ്ങിൽ നിന്ന് വീണ് വിജേഷിന് ഗുരുതരമായി പരുക്കേറ്റതും ജാനകി അസുഖബാധിതയായതുമാണ് വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ് കുടുംബം പറയുന്നത്. വായ്പാ തിരിച്ചടവിന് ആറ് മാസമെങ്കിലും സാവകാശം നൽകണമെന്നും ഒരു വർഷം കിട്ടിയാൽ മുഴുവൻ തുകയും തിരിച്ചടക്കാമെന്നും വിജേഷ് പറയുന്നു.

കട്ടിലുകളടക്കം വീട്ടിലെ മറ്റ് സാധനങ്ങളും വീടിൻ്റെ വരാന്തയിലിട്ടാണ് വീട് ബാങ്ക് അധികൃതർ പൂട്ടി പോയത്. മലയോര മേഖലയാണിത്. വീട്ടിൽ കയറി കിടന്നുറങ്ങാൻ അനുവദിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

By admin