കുവൈത്തിൽ 919 കുപ്പി വിദേശമദ്യത്തിന്റെ കടത്ത്, അറസ്റ്റ് ചെയ്യപ്പെട്ട നാലം​ഗ സംഘത്തിൽ ഇന്ത്യക്കാരനും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറക്കുമതി ചെയ്ത മദ്യവും ലഹരിവസ്തുക്കളും കടത്തിയ നാലം​ഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സുരക്ഷാ വിഭാ​ഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യക്കാരൻ, ഒരു സൗദി പൗരൻ, രണ്ട് കുവൈത്തികൾ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും ഇറക്കുമതി ചെയ്ത 919 കുപ്പി മദ്യവും 200 സൈക്കോട്രാപിക് ​ഗുളികകളും കണ്ടെടുത്തു. ലഹരി വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് നിയമാനുമതി നേടിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പ്രതികളെയും ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ നിയമ നടപടികൾക്കായി ഡ്ര​ഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന്, മദ്യം തുടങ്ങിയവ കടത്തുകയോ വിതരണം നടത്തുകയോ ചെയ്താൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്ര​ഗ് കൺട്രോൾ വ്യക്തമാക്കി. പൊതുസുരക്ഷയെ ബാധിക്കുന്ന ഏതൊരു നിയമവിരുദ്ധ പ്രവർത്തനത്തിനും ശക്തമായ നിരീക്ഷണവും നിയമ നടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

read more: കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

By admin

You missed