കുപ്രസിദ്ധ ഗുണ്ട ‘ജോൺ’, പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് ഭാര്യക്കൊപ്പം കാറിൽ പോകവേ പട്ടാപ്പകൽ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട് ഈറോഡിൽ പട്ടാപ്പകൽ നടുറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു. സേലം സ്വദേശിയും നിരവധി കൊലക്കേസുകളിൽ പ്രതിയുമായ ജോൺ എന്ന ചാണക്യനെ ആണ് രണ്ട് കാറുകളിലായി എത്തിയ എട്ടംഗ അക്രമി സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം കാറിൽ പോകുമ്പോഴാണ് ആക്രമണം. പ്രതികളിൽ ചിലരെ പൊലീസ് വെടിയുതിർത്ത് വീഴ്ത്തി. കൊലപാതകത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു

അടുത്തിടെ തിരുപ്പൂരിലേക്ക് തട്ടകം മാറ്റിയ ജോൺ, പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനായാണ് ഭാര്യ ശരണ്യക്കൊപ്പം സേലത്തെത്തിയത്. സ്റ്റേഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങിയ ജോണിനെ എട്ടംഗ സംഘം 2 കാറുകളിലായി പിന്തുടർന്നു. പതിനൊന്നരയോടെ നസിയനൂരിൽ എത്തിയപ്പോൾ ജോണിന്‍റെ കാറിൽ തങ്ങളുടെ കാറിടിപ്പിച്ച സംഘം, മാരകായുധങ്ങളുമായി പുറത്തിറങ്ങി. ഡോർ തുറന്ന് ശരണ്യയെ പുറത്തേക്ക് തള്ളിയിട്ടതിന് ശേഷം ജോണിനെ പലവട്ടം ആഞ്ഞുവെട്ടി.  

ജോണിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ശരണ്യയുടെ കൈയ്ക്കും വെട്ടേറ്റ് പരിക്കേറ്റു. ശരണ്യ ഭയന്ന് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദേശീയപാതയിൽ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തി അക്രമികൾക്ക് നേരേ നിറയൊഴിച്ചു. വെടിയേറ്റ് വീണ നാല് പേർ പിടിയിലായി. മറ്റ് നാല് പ്രതികൾ കാറിൽ രക്ഷപ്പെട്ടു. പരിക്കേറ്റ പ്രതികളും ശരണ്യയും ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും, ജോൺ സേലത്തേക്ക് വരുന്നതറിഞ്ഞ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തതാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

വീഡിയോ സ്റ്റോറി കാണാം

Read More : മുമ്പിൽ നമ്പർപ്ലേറ്റില്ലാത്ത ഡ്യൂക്ക് ബൈക്ക്, ഹൈവേ കട്ട് ചെയ്ത് ബൈറോഡിൽ കയറിയതും പെട്ടു; എംഡിഎംഎയുമായി പിടിയിൽ

By admin