ഒരുകാലത്തെ കട്ട ഫുട്ബോളര്‍, ബുച്ച് വിൽമോർ വിസ്മയം, 8000 മണിക്കൂര്‍ പറന്ന പൈലറ്റ്; 62-ാം വയസിലും ഐഎസ്എസ് ഹീറോ

ഹൂസ്റ്റണ്‍: ആകാശം കീഴടക്കിയ സുനിത വില്യംസിനെ എല്ലാവർക്കും അറിയാം. എന്നാൽ സുനിതയ്ക്കൊപ്പം ഒമ്പത് മാസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ബാരി “ബുച്ച്” വിൽമോറിനെക്കുറിച്ച് പലർക്കും അധികം അറിവുണ്ടാകില്ല. ഒരു അമേരിക്കൻ ബഹിരാകാശ യാത്രികനും മുൻ യുഎസ് നേവി ടെസ്റ്റ് പൈലറ്റുമാണ് ബാരി “ബുച്ച്” വിൽമോർ. യുഎസ് നാവികസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റനായ ബുച്ച് വിൽമോർ തന്‍റെ കരിയറിന്‍റെ ആദ്യഭാഗം സ്‍ട്രാറ്റജിക്ക് ജെറ്റുകൾ പറത്തിയാണ് ചെലവഴിച്ചത്. 

1963 ഡിസംബര്‍ 29-നാണ് ബാരി വില്‍മോറിന്‍റെ ജനനം. ബാരി യൂജിന്‍ ബുച്ച് വില്‍മോറെന്നാണ് മുഴുവന്‍ പേര്. ടെന്നസി സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഏവിയേഷന്‍ സിസ്റ്റംസില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി. അതിന് ശേഷമാണ് യുഎസ് നാവികസേനയില്‍ ചേരുന്നത്. അവിടെ ഓഫീസറായും പൈലറ്റായും ജോലി ചെയ്‍തു.

8,000 പറക്കൽ മണിക്കൂറുകൾ, ഒരു വിമാനവാഹിനിക്കപ്പലിൽ 663 ലാൻഡിംഗ്, നാല് പ്രവർത്തന വിന്യാസങ്ങൾ തുടങ്ങിയവ പൂർത്തിയാക്കിയിട്ടുണ്ട് ബാരി ബുച്ച് വിൽമോർ. ഇറാഖിലെ  ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം സമയത്ത്, യുഎസ്എസ് കെന്നഡിയുടെ ഫ്ലൈറ്റ് ഡെക്കിൽ നിന്ന് അദേഹം 21 യുദ്ധ ദൗത്യങ്ങൾ നടത്തി. 2000-ൽ നാസ ബുച്ചിനെ ഒരു ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് അദേഹം കാലിഫോർണിയയിലെ എഡ്വേർഡ്‍സ് എയർഫോഴ്സ് ബേസിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായും കുറച്ചുകാലം ജോലി ചെയ്തു. ബുച്ച് വില്‍മോര്‍ മുമ്പ് രണ്ട് നാസ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. 2009-ൽ സ്‌പേസ് ഷട്ടിൽ അറ്റ്ലാന്‍റിസിൽ 11 ദിവസത്തെ ദൗത്യവും 2014-ലും 2015-ലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 167 ദിവസത്തെ ഷിഫ്റ്റും ബാരി പൂര്‍ത്തിയാക്കി. 

Read more: ഒറ്റയ്ക്ക് വഴിവെട്ടി വന്നതാ! ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് നാസയിൽ എത്തിയതിങ്ങനെ

നാവികസേനയിൽ ആയിരിക്കെ ബാരി ബുച്ച് വിൽമോർ 8,000-ത്തിലധികം പറക്കൽ മണിക്കൂറുകളും 663 കാരിയർ ലാൻഡിംഗുകളും നടത്തിയിട്ടുണ്ട്. 2000-ൽ നാസയിലേക്ക് ഒരു ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ട അദേഹം, STS-129-ൽ പൈലറ്റായി ആദ്യ പറക്കലിൽ 259 മണിക്കൂറിലധികം (11 ദിവസം) ബഹിരാകാശത്ത് ചെലവഴിച്ചു. ഈ ഏറ്റവും ഒടുവിലത്തെ ദൗത്യത്തിന് മുമ്പ് വില്‍മോര്‍ ആകെ 178 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.

ക്യാപ്റ്റൻ വിൽമോറും ഭാര്യ ഡീനയും ടെന്നസിയിൽ സ്വദേശികളാണ്. മികച്ച ഒരു ഫുട്‍ബോളർ കൂടിയാണ് വിൽമോർ. ടെന്നിസി സാങ്കേതിക സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായിരുന്നു അദേഹം. 1982-ൽ യൂണിവേഴ്സിറ്റി ടീമിന്‍റെ പ്രതിരോധനിരയിൽ അംഗമായിരുന്നു വിൽമോർ. ഇപ്പോൾ വിൽമോറും ഭാര്യ ഡീനയും രണ്ട് പെൺമക്കളായ ഡാരിനും ലോഗനും ടെക്സാസിലാണ് താമസിക്കുന്നത്.  

Read more: കുശലം പറഞ്ഞ് സുനിത, ആലിംഗനം ചെയ്ത് ബുച്ച്; എല്ലാവരും പൊളി വൈബ്! ഹൂസ്റ്റണില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin