ഒടിടിയില്‍ ഹീറോയായി അജേഷ് പി പി, പൊൻമാനിലെ നായകനെ വായിക്കുമ്പോള്‍
എടാ നമ്മുടെ കാരണവന്മാരായിട്ട് പത്തു പൈസ നമുക്കുണ്ടാക്കി തന്നിട്ടില്ല. പക്ഷേ നമ്മള് പെഴക്കും..കിട്ടുന്ന സിറ്റുവേഷനിലെല്ലാം എൻജോയ് ചെയ്യും..അല്ലാത്ത സിറ്റുവേഷനിലെല്ലാം ഫൈറ്റ് ചെയ്യും. അതാടാ ലൈഫ് ‘ – ജീവിതത്തോടും വ്യവസ്ഥയോടും പോരാടുന്ന അജേഷ് പി പി എന്ന ചെറുപ്പക്കാരന്റെയുള്ളിലെ’ ഫയർ ‘ പ്രകടമാക്കാൻ ഈയൊരറ്റ സംഭാഷണം മതി.
പെണ്ണായാൽ പൊന്നു വേണമെന്ന പാട്ട് റിങ്ടോൺ ഇട്ട് നടക്കുന്ന ജ്വല്ലറി ഏജന്റായ അജേഷ് പി പി എന്ന ചെറുപ്പക്കാരൻ അന്തസ്സും ആത്മാഭിമാനവും വിശ്വാസവും കാത്തുസൂക്ഷിക്കുവാനായി സിനിമയിലുടനീളം ഫൈറ്റ് ചെയ്യുന്ന കാഴ്ചയുമായാണ് നവാഗതനായ ജ്യോതിഷ് ശങ്കർ ‘പൊന്മാൻ’ നമുക്കു മുൻപിലെത്തിക്കുന്നത്. മുകളിൽ പറഞ്ഞതുപോലെ സിറ്റുവേഷൻ അനുസരിച്ചെല്ലാം അയാൾ ഫൈറ്റ് ചെയ്യുന്നുമുണ്ട്.
ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ജ്യോതിഷ് സംവിധാനം ചെയ്ത ചിത്രം തീയറ്റർ റിലീസ് കാലത്തേ മികച്ച സിനിമയെന്ന അഭിപ്രായംകരസ്ഥമാക്കിയിരുന്നു. എന്നാൽ ചിത്രം ഇപ്പോൾ ഒ ടി ടിയിൽ എത്തിയ വേളയിൽ സിനിമയുടെ മികവിനോളം തന്നെ ചർച്ച ചെയ്യപ്പെടുകയാണ് ചിത്രത്തിലെ നായക കഥാപാത്രമായ ബേസിൽ ജോസഫ് ചെയ്‍ത അജേഷ് പി പിയ.
വധുവിന്റെ കുടുംബത്തിന് സ്വർണ്ണം നൽകുകയും വിവാഹം കഴിഞ്ഞാലാ സ്വർണ്ണത്തിന് പകരമായി പണം കൈപ്പറ്റുകയും ചെയ്യുന്ന തൊഴിലാണ് അജേഷ് പി പിയുടേത്. സ്വർണ്ണ ബിസിനസിലെ ഇടനിലക്കാരൻ എന്നു പറയാം. ആ തൊഴിലുമായാണ് അയാൾ നായികയായ സ്റ്റെഫിയുടെ കുടുംബത്തിലേക്ക് വരുന്നതും. എന്നാൽ സ്റ്റെഫിയുടെ കുടുംബത്തിന് പണമോ തിരികെ നൽകാൻ സ്വർണ്ണമോ ഇല്ലാതെയാകുന്ന സാഹചര്യം വരുന്നതോടെ അജേഷ് പി പി പ്രതിസന്ധിയിലകപ്പെടുന്നു. അവിടുന്നങ്ങോട്ട് ആ സ്വർണം തിരികെ കൈപ്പറ്റുക എന്നതാണ് അയാളുടെ ലക്ഷ്യം. പക്ഷേ അജേഷ് നേരും നെറിയും ഉള്ളവനാണ്. സ്വർണ്ണം തിരികെ ലഭിക്കാൻ ഏതെല്ലാം തരം തന്ത്രങ്ങൾ ഉപയോഗിച്ചാലും, ഏതെല്ലാം തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാലും ‘മോഷണം’ എന്ന ചിന്തയിലേക്ക് മാത്രം നടന്നു കയറാതിരിക്കാനുള്ള ആത്മാഭിമാനം അയാൾ കാത്തുസൂക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള നേരും നെറിയും ആത്മാഭിമാനവും തന്നെയാണ് അജേഷ് പി പിയുടെ എടുത്തുപറയത്തക്ക യോഗ്യതയും. അതുകൊണ്ടുതന്നെയാണ് അയാളെ സ്റ്റെഫിയുടെ വീട്ടിലേക്കെത്തിച്ച ബാസ്റ്റിനെ കൊണ്ട് സംവിധായകൻ
‘എടാ അവൻ കുണ്ടറയിൽ കെടക്കാ പെട്ട്.. എന്നിട്ടേ അവനെന്നെ വിളിച്ചൊരു പരാതി പോലും പറഞ്ഞില്ല. അവനെ നെറിയുള്ളവനാ.. നെറി ‘എന്ന സംഭാഷണം പറയിപ്പിക്കുന്നത്.
പൊന്ന് താൻ തിരിച്ചു തരില്ലെന്നും, അത് തന്റെ സഹോദരന്റെ കൈയിൽ നിന്നാണ് നീയൊക്കെ തിരിച്ചു വാങ്ങേണ്ടതെന്നും സ്റ്റെഫി അജേഷിനെ വെല്ലുവിളിക്കുമ്പോൾ ‘അവള് പറയുന്നത് പോലെ നിന്നെ ലാക്കാക്കാൻ ഞാനൊരു നെറികെട്ടവനല്ല ‘ന്നാണ് അജേഷ് സ്റ്റെഫിയുടെ സഹോദരൻ ബ്രൂണോക്ക് നൽകുന്നത്..
അധ്വാനിക്കാൻ തയ്യാറാകാത്ത, പാർട്ടിയാണ് ജീവിതം എന്നു പറഞ്ഞു നടക്കുന്ന സ്റ്റെഫിയുടെ സഹോദരൻ ബ്രൂണോക്ക് ‘ രാഷ്ട്രീയവും അതിജീവനവും പുരോഗതിയും ‘ വ്യക്തമാക്കി കൊടുക്കുന്നുണ്ട് അജേഷ് പി പി . ചേച്ചിയുടെ അമ്മ ആഗ്നസ്ന്റെ ഗതികേടിന് മുൻപിൽ പലപ്പോഴും പതറിപ്പോകുന്നുണ്ട് അജേഷ്. സ്റ്റെഫിയുടെ ഭർത്താവ് മരിയാനോയുടെ പെങ്ങളെ വിവാഹം കഴിച്ചുകൊണ്ട് തനിക്ക് സ്വർണം സ്വന്തമാക്കേണ്ടെന്ന തീരുമാനവുമെടുക്കുന്നുണ്ട്.
പക്ഷെ പ്രേക്ഷകനെ വൈകാരികമായി ചേർത്ത് നിർത്തുവാൻ അതുകൊണ്ടൊക്കെ മാത്രം കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ലെന്നുള്ള മറുപടി മാത്രമല്ല, അതിനു സാധ്യമാക്കുന്ന മറ്റൊരു രംഗം ഓർമിപ്പിക്കേണ്ടിയും വരും. ഫോർമൽ ഡ്രസ്സ് ഇട്ടു നടക്കുന്ന, കിട്ടുന്ന സിറ്റുവേഷനിലെല്ലാം കള്ളുകുടിച്ചും ആടിപ്പാടിയും എൻജോയ് ചെയ്യുന്ന അജേഷ് പി പിയുടെ വീടിന്റെ നേർക്കാഴ്ചയാണ് ആ രംഗം. അവിടെയാണ് അജേഷ് പി പി നിസ്സഹായനായ ഒരു ദരിദ്ര യുവാവ് മാത്രമാണെന്ന് വ്യക്തമാകുന്നത്. അവിടെയാണ് ആ കഥാപാത്രത്തെ വൈകാരിക പരമായി നമ്മൾ ചേർത്തുപിടിക്കുന്നത്.
ദാരിദ്ര്യം. അത് മാത്രമാണ് അയാളുടെ ഗതികേടൊന്നും ആ ഗതികേടിനിടയിലും അയാൾ നേരും നെറിയും കാത്തുസൂക്ഷിക്കുന്നുവെന്നതും ആ കഥാപാത്രത്തിന്റെ തന്നെ വ്യക്തിത്വത്തെ ഉയർത്തി കാണിക്കുന്നു.
ചിത്രത്തിൽ ‘നമ്മള്‍ ശത്രുക്കളല്ല’ എന്ന് അജേഷ് ഒന്നിലേറെ തവണ ഒന്നിലേറെപ്പേരോട് പറയുന്നുണ്ട്. അയാള്‍ക്കെന്നല്ല, ഈ പടത്തില്‍ ആര്‍ക്കും ആരോടും ശാശ്വതമായ ശത്രുതയില്ല. എന്നാൽ നിലനിൽപ്പ് പ്രധാനമാണുതാനും. അതുകൊണ്ടുതന്നെയാണ് മാരിയാനോയെ കായിക പരമായി തോൽപ്പിച്ചും അജേഷ് ആ സ്വർണം സ്വന്തമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ജീവനും അതിജീവനവും മാത്രമാണ് അയാൾക്ക് ജീവിതം. ഉറച്ച ആത്മബോധത്തിനും നിസ്സഹായതക്കുമിടയിൽ പടവെട്ടിയാണ് അയാൾ ആ ജീവിതം പിടിച്ചെടുക്കുന്നത്. ഒടുവിൽ സ്വർണ്ണവുമായുള്ള തിരികെപോക്കിൽ ‘നിന്റെ മേത്തു മണ്ണ് വീഴാതെ നോക്കണം’ എന്ന സഹാനുഭൂതിയുടെ വാക്കുകൾ പറഞ്ഞ സ്റ്റെഫിയെ കൂടെ കൂട്ടാനും അയാൾ തയ്യാറാകുന്നു. എന്നാൽ അജേഷ് പി പി അസാധാരണമാകുന്നത് ഇവിടംകൊണ്ടൊന്നുമല്ല. ‘പൊന്ന് തൊടാത്തപ്പോഴാ പെണ്ണിന് യഥാർത്ഥ ചന്തം ‘ – എന്ന തീക്ഷ്ണതയേറിയ സ്ത്രീപക്ഷ സംഭാഷണത്തിലൂടെയും കാഴ്ചപ്പാടിലൂടെയുമാണ്.
അതിനാൽ തന്നെ അജേഷ് ഒരു പ്രതീകമാണ്. വ്യവസ്ഥയോട് പടപൊരുതുന്ന, അതിജീവനത്തിനായി ആത്മാഭിമാനം പണയം വയ്ക്കാത്ത, നേരും നെറിയും വിട്ടു കളിക്കാത്ത മനുഷ്യരുടെയൊക്കെ പ്രതീകം. എല്ലാത്തിലും ഉപരിയായി ‘മാറുന്ന പെൺകാഴ്‍ചകളുടെയും.