ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് നിർണായക പ്രഖ്യാപനവുമായി സഞ്ജു സാംസണ്‍; ആദ്യ 3 കളികളിൽ രാജസ്ഥാന് പുതിയ നായകൻ
ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നായകന്‍ സഞ്ജു സാംസൺ ബാറ്ററായി മാത്രമാവും കളിക്കാനിറങ്ങുക. രാജസ്ഥാന്‍ ടീം മീറ്റിംഗില്‍ സഞ്ജു തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ സഞ്ജു രാജസ്ഥാന്‍ ടീമിനൊപ്പം ചേർന്നിരുന്നു. എന്നാല്‍ ആദ്യ മൂന്ന് കളികളില്‍ ടീമിനെ നയിക്കാൻ താനുണ്ടാവില്ലെന്ന് സഞ്ജു ടീം മീറ്റിംഗിൽ വ്യക്തമാക്കി. ബാറ്ററായി മാത്രമായിട്ടായിരിക്കും താന്‍ കളിക്കുകയെന്നും വിക്കറ്റ് കീപ്പറാവില്ലെന്നും പറഞ്ഞ സഞ്ജു തനിക്ക് പകരം റിയാന്‍ പരാഗ് ആദ്യ മൂന്ന് കളികളില്‍ രാജസ്ഥാനെ നയിക്കുമെന്നും വ്യക്തമാക്കി.
ടീമില്‍ നായകന്‍മാരാവാന്‍ യോഗ്യതയുള്ള ഒട്ടേറെ താരങ്ങളുണ്ടെന്നും തനിക്ക് പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുകയെന്നും പരാഗിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സഞ്ജു ടീം മീറ്റിംഗില്‍ വ്യക്തമാക്കി. സഞ്ജുവിന്‍റെ പ്രഖ്യാപനത്തെ കൈയടികളോടെയാണ് ടീം അംഗങ്ങള്‍ വരവേറ്റത്.
💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! 💗 pic.twitter.com/FyHTmBp1F5
— Rajasthan Royals (@rajasthanroyals) March 20, 2025
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന ക്യാംപിലെത്തിയ സഞ്ജു പരിശീലന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ആകാശ് മധ്‌വാളിനെ സ്ട്രൈറ്റ് സിക്സ് പറത്തിയാണ് പരിശീലന മത്സരത്തില്‍ സഞ്ജു തുടങ്ങിയത്. പിന്നാലെ റിയാന്‍ പരാഗിനെ യശസ്വി ജയ്സ്വാള്‍ സിക്സിന് പറത്തി. പിന്നീട് ഇടം കൈയന്‍ പേസറുടെ ഷോര്‍ട്ട് പിച്ച് പന്ത് സഞ്ജു അനാായസം സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് തൂക്കി. ഇടം കൈയന്‍ സ്പിന്നറുടെ പന്തില്‍ സിക്സിനുള്ള ശ്രമത്തില്‍ ലോംഗ് ഓണില്‍ ക്യാച്ച് നല്‍കിയ സഞ്ജു പുറത്തായി. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം.