എന്‍റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, ഞങ്ങളുടെ വെളിച്ചം

എന്‍റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, ഞങ്ങളുടെ വെളിച്ചം

അമ്മയെപ്പോലെ ഒരു നല്ല മകള്‍ ആവാന്‍, മരുമകള്‍ ആവാന്‍, ഭാര്യ ആവാന്‍, സഹോദരി ആവാന്‍ എനിക്ക് കഴിയുമോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.

 

എന്‍റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, ഞങ്ങളുടെ വെളിച്ചം

കുഞ്ഞനുജത്തി, അമ്മമ്മ, അച്ഛമ്മ, കൂട്ടുകാരി, അമ്മായി… എന്‍റെ ജീവിതത്തില്‍ ഇങ്ങനെ ഒരുപാട് സ്ത്രീകള്‍ ഉണ്ട്. എങ്കിലും ‘എന്‍റെ ജീവിതത്തിലെ സ്ത്രീ’ എന്ന വിഷയം കണ്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് അമ്മയെയാണ്. എനിക്ക് മാത്രമാവില്ല, ഒരുപക്ഷേ, ഒരുപാട് ആളുകള്‍ക്ക് അമ്മ തന്നെയാവും ജീവിതത്തിലെ ആ സ്ത്രീ. 

പറഞ്ഞാലും തീരാത്ത അനുഭവങ്ങളാണ് അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ മുന്നിലെത്തുക. നമ്മളെ മറ്റാരേക്കാളും നന്നായി സ്‌നേഹിക്കാന്‍ അമ്മയ്ക്ക് കഴിയും. അതിനാലാവണം പലര്‍ക്കും ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി അമ്മ തന്നെയായിരിക്കും. 

എന്‍റെ അമ്മയുടെ പേര് ഷിനി. അച്ഛന്‍ അമ്മയെ സ്‌നേഹത്തോടെ ‘മുത്തേ…’ എന്ന് വിളിക്കും. ഞങ്ങള്‍ മൂന്ന് മക്കള്‍ ആണ്. എന്‍റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ അമ്മയാണ്. അമ്മ വീട്ടില്‍ ഇല്ലാത്ത ദിവസം ആലോചിക്കാന്‍ കൂടെ വയ്യ. എവിടെ പോയി തിരിച്ചു വന്നാലും ആദ്യം അന്വേഷിക്കുന്നത് അമ്മയെ ആയിരിക്കും. 

വീട്ടില്‍ ആദ്യം ഉണരുന്നതും അവസാനം കിടന്ന് ഉറങ്ങുന്നതും അമ്മയാണ്. ഒരാഴ്ച അമ്മ തലവേദന കാരണം എണീക്കാതെ കിടന്നിട്ടുണ്ട്.  മൂത്ത കുട്ടി എന്നതിനാല്‍ വീട്ടിലെ എല്ലാ പണിയും എനിക്കായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ ഒന്ന് വിശ്രമിക്കുക പോലും ചെയ്യാതെ അമ്മ ചെയ്‌തോണ്ടിരുന്ന കാര്യങ്ങളുടെ  ബുദ്ധിമുട്ട് അപ്പോഴാണ് എനിക്ക് മനസ്സിലായത്. പക്ഷേ, അമ്മ ഒരിക്കലും ആ ബുദ്ധിമുട്ട് കാണിച്ചിട്ടില്ല.  

അമ്മ നന്നായി ഭക്ഷണം പാകം ചെയ്യും. പലതരം വിഭവങ്ങള്‍ ഉണ്ടാക്കും. കഠിനാധ്വാനിയാണ്. എല്ലാവരോടും നന്നായി സംസാരിക്കുവാനും വീട്ടില്‍ അതിഥികള്‍ വന്നാല്‍ നന്നായി സല്‍ക്കരിക്കാനും കുടുംബക്കാരെയെല്ലാം ഒരുപോലെ കൊണ്ടുപോവാനും അമ്മ മിടുക്കിയാണ്. 

അമ്മയെപ്പോലെ ഒരു നല്ല മകള്‍ ആവാന്‍, മരുമകള്‍ ആവാന്‍, ഭാര്യ ആവാന്‍, സഹോദരി ആവാന്‍ എനിക്ക് കഴിയുമോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അമ്മയുമായി വഴക്ക് പതിവാണെങ്കിലും സ്‌നേഹം ഉള്ളിടത്തേ വഴക്ക് ഉള്ളു എന്നതാണല്ലോ സത്യം. ഒരു ദിവസം വീട്ടില്‍ നിന്ന് മാറി നിന്നാല്‍ പോലും അമ്മയുടെ ശബ്ദം കേള്‍ക്കാതെ ഒന്നുറങ്ങാന്‍ പോലും എനിക്ക് കഴിയില്ല.
 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

By admin