കോഴിക്കോട്: ഇടവിട്ടുള്ള വേനൽമഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ എൻ. രാജേന്ദ്രൻ അറിയിച്ചു.
ഡെങ്കിപ്പനി, ചികുന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്ക്കാന് ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാരച്ചെടികള്‍ വളര്‍ത്തുന്ന കുപ്പികള്‍, എ.സി, ഫ്രിഡ്ജ് എന്നിവയുടെ ട്രേയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം.
രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കണം. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന് വെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലക്കുള്ളിലായിരിക്കണം. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത് വീട്ടിനകത്തും പരിസരത്തുമാണ്. വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്വെച്ചിരിക്കുന്ന ട്രേ, ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന് പാളകള്‍, നിർമാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.
ചെറിയ അളവ് വെള്ളത്തില്‍പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും.
മണിപ്ലാന്റും മറ്റ് അലങ്കാരച്ചെടികളും വീടിനുള്ളില്‍ കുപ്പിയില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കല്‍ മാറ്റണം. ആഴ്ചതോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം.
ഇതിനായി വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കണം -അദ്ദേഹം അറിയിച്ചു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningnews malayalam
Health
Kerala News
KOZHIKODE
kozhikode news
LATEST NEWS
LOCAL NEWS
MALABAR
കേരളം
ദേശീയം
വാര്‍ത്ത