അർബുദ വാക്‌സിൻ,അല്‍ഷൈമേഴ്‌സ് മരുന്നുകൾ; ക്യൂബൻ ഉപപ്രധാനമന്ത്രിയുമായി സംസ്ഥാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച

ദില്ലി: ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്ക്കാരികം, ബയോ ടെക്നോളജി, ആയൂർവേദം  തുടങ്ങിയ മേഖലകളില്‍ ക്യൂബയുമായി പരസ്പര സഹകരണത്തിലൂടെ പുരോഗതി ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയുടെ ഉപ പ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ഉന്നതല കൂടിക്കാഴ്ച്ച നടത്തി. 

ദില്ലിയിലെ ഹോട്ടല്‍ അശോകയില്‍ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യൂബൻ ഉന്നത സംഘവുമായി ചർച്ച നടത്തിയത്. 2023  ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിച്ച് തുടക്കമിട്ട കേരളവും ക്യൂബയുമായുള്ള സഹകരണത്തിന്റെ തുടര്‍നടപടിയായാണ് കുടിക്കാഴ്ച്ച. കായിക രംഗത്ത് ക്യൂബയും കേരളവും തമ്മിൽ ധാരണപത്രം  തയ്യാറാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശനത്തിന്റെ ഫലമായി ആരോഗ്യമേഖലയില്‍ നാല് സബ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അതിലൊന്ന് അർബുദ വാക്‌സില്‍ വികസിപ്പിക്കുന്നതിനുള്ളതാണ്. ശ്യാസകോശ അര്‍ബുദം, ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററുമായാണ് ക്യൂബയുടെ കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിക്കുന്ന സ്ഥാപനം ചര്‍ച്ചകള്‍ നടത്തുന്നത്. അതുപോലെ അല്‍ഷൈമേഴ്‌സുമായി ബന്ധപ്പെട്ടുള്ള മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ ക്യൂബയുടെ മുന്നേറ്റം പ്രയോജനപ്പെടുത്തുന്നതും ലക്ഷ്യമിടുന്നു. പ്രമേഹവുമായി ബന്ധപ്പെട്ടുള്ളതാണ് മൂന്നാമത്തെ ഉപസമിതി. ഡെങ്കി വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയും ക്യൂബന്‍ സംഘവും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണത്തിലൂടെ ആരോഗ്യമേഖലയില്‍ വലിയൊരു മുന്നേറ്റമാണ് ക്യൂബന്‍ സഹകരണത്തിലൂടെ സാധ്യമാക്കാന്‍ ശ്രമിക്കുന്നത്.

ക്യൂബയിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചേ ഇൻ്റർനാഷണൽ ചെസ് ഫെസ്റ്റിവൽ വിജയകരമായതിൻ്റെ ആത്മവിശ്വാസത്തിൽ  കൂടുൽ കായിക ഇനങ്ങളിൽ കൂടി ക്യൂബയുടെ പങ്കാളിത്തം തേടുകയാണ്  കേരള സർക്കാർ. വിവിധ കായിക ഇനങ്ങളിൽ  ക്യൂബയുമായി സഹകരണം ഉറപ്പാക്കും. കളിക്കാരെയും  പരിശീലകരെയും പരസ്പരം കൈമാറൽ, ബോക്സിങ് പരിശീലനം, കോഴിക്കോട് സ്പോർട്ട്സ് സയൻസ് സെൻ്ററ്റിന് ക്യൂബയുടെ സാങ്കേതിക സഹായം, ക്യൂബയിൽ നിന്നുള്ള പരിശീലകരുടെ  നേതൃത്തിൽ കായിക പരിശീലനം എന്നിവയാണ് ലക്ഷ്യം.

കായികമേളകളുടെ സംഘാടനം, സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും വിപുലീകരണം, പരിശീലകർക്ക് ട്രെയിനിങ്, സ്പോർട്ട്സ് മെഡിസിൻ,  സാങ്കേതികവിദ്യകളുടെ കൈമാറ്റം, ഉത്തേജക മരുന്നുകളുടെ നിയന്ത്രണം, സ്പോർട്സിൽ ഇൻഫൊർമാറ്റിക്സിൻ്റെ ഉപയോഗം തുടങ്ങി പത്തോളം കാര്യങ്ങളിലാണ് ക്യൂബയുടെ സഹകരണം ഉപയോഗപ്പെടുത്തുക.

ക്യൂബയിലെ യൂണിവേഴ്സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗത്ത്  സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് , ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാവും ചർച്ച ചെയ്തു. പി.ജി കോഴ്സുകളിൽ ക്യൂബയിലേയും കേരളത്തിലേയും യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരം നൽകുന്നതും ചർച്ചയായി. യൂണിവേഴ്സിറ്റികളിൽ ട്രെയിനിംഗ് പരിപാടികളും സംഘടിപ്പിക്കും.

15 അംഗ ക്യൂബൻ സംഘത്തിൽ  ആരോഗ്യവകുപ്പിന്റെ പ്രഥമ ഉപ മന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ്, അംബാസഡർ ജുവാൻ കാർലോസ് മാർസൽ അഗ്യുലേര, ആരോഗ്യ കായിക വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്  അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡേ,  കേരള ഹൗസ് റസിഡൻ്റ് കമ്മിഷണർ അജിത് കുമാർ, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകി, അഡീഷൽ റസിഡൻ്റ് കമ്മീണർ ചേതൻ കുമാർ മീണ, കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ പി.വിഷ്ണുരാജ്, ചീഫ് സെക്രട്ടി സ്റ്റാഫ് ഓഫീസർ ആർ. ശ്രീലക്ഷ്മി,  കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. കെ.എസ്.അനില്‍കുമാര്‍ , ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസ് (കേരള യൂണിവേഴ്‌സിറ്റി) ഡയറക്ടര്‍ പ്രൊഫ.ആര്‍.ഗിരീഷ് കുമാര്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ.ഇ.ശ്രീകുമാര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി.സതീശന്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.കെ.വി.വിശ്വനാഥന്‍ , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ.പി.ചിത്ര, തൃശൂര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.രവീന്ദ്രന്‍ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ജി.ഹരികുമാര്‍ തുടങ്ങിയവർ കേരള സംഘത്തിൽ ഉണ്ടായിരുന്നു.

കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ കൈ നീട്ടി വാങ്ങി അങ്ങോട്ട് വച്ചില്ല, ആ കൈ തന്നെ കൈക്കൂലിയിൽ കുരുക്കായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin