മുംബൈ: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക പാണ്ഡ്യയെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ ഇത്തവണ കാണാന്‍ പോകുന്നത് ഒന്നൊന്നര തിരിച്ചുവരവായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ സീസണില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെക്കുറിച്ച് ഒരു സിനിമ ചെയ്യാവുന്നതാണെന്നും കൈഫ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ അവന്‍ നേരിട്ട അപമാനത്തിന്‍റെ വേദനയെല്ലാം ഉള്ളിലൊതുക്കി മുന്നോട്ട് പോവുകായിരുന്നു. മുംബൈയിലേക്കുള്ള അവന്‍റെ തിരിച്ചുവരവ് അത്ര സുഖകരമായ ഓര്‍മയായിരുന്നില്ല. കാണികള്‍ അവനെ കൂവി, ആരാധകര്‍ അവനെ എഴുതിത്തള്ളി, ഒരു കളിക്കാരന് ഒരിക്കലും അത് മറക്കാനാവില്ല. അവനെ വേണമെങ്കില്‍ ഒഴിവാക്കാം, പക്ഷെ അപമാനിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല.
മാനസികമായി പീഡിപ്പിക്കപ്പെട്ട അവന്‍ എല്ലാ തിരിച്ചടികള്‍ക്കിടയിലും ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസന്‍റെ വിക്കറ്റെടുത്തു. അതിനുശേഷം ചാമ്പ്യൻസ് ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ സെമിയില്‍ ആദം സാംപക്കെതിരെ നിര്‍ണായക സിക്സുകള്‍ നേടി. ബാറ്റുകൊണ്ട് ബോളുകൊണ്ടും ഒരു സിംഹത്തെപ്പോലെ അവന്‍ ഇന്ത്യക്കായി പൊരുതി. അവനെക്കുറിച്ച് ഒരു സിനിമി എടുക്കുകയാണെങ്കില്‍ കഴിഞ്ഞ ഏഴ് മാസം തിരിച്ചടികളില്‍ നിന്ന് എങ്ങനെ തിരിച്ചുവരാമെന്നതിന്‍റെ ഉദാത്തമായ ഉദാഹരണമായിരിക്കും അത്. ഏത് തിരിച്ചടിയിലും ശാന്തനായി സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോയാല്‍ തിരിച്ചുവരാൻ കഴിയുമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹാര്‍ദ്ദിക്കെന്നും കൈഫ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
Hardik Pandya showed us what true mental strength actually is!!🫡 pic.twitter.com/yNU18fhtkT
— Mohammad Kaif (@MohammadKaif) March 19, 2025
ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച് രോഹിത് ശര്‍മക്ക് പകരം നായകനാക്കിയത്. രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് പൊടുന്നനെ മാറ്റിയത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. ഇതാണ് അവര്‍ ഹാര്‍ദ്ദിക്കിനെതിരെ പ്രതിഷേധമായി പ്രകടിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നാലു ജയം മാത്രം നേടിയ മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.