അമ്മയും മക്കളും ചേര്‍ന്ന് അതിക്രമം; സ്കൂള്‍ ബസില്‍ 14 കാരന്‍ നേരിട്ടത് ക്രൂരമര്‍ദനം

ഇന്ത്യാനപോളിസ്: മകനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 14 കാരനെ മര്‍ദിച്ച യുവതിക്കെതിരെ കേസ്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 36 കാരിയായ യുവതിയാണ് സ്കൂള്‍ ബസില്‍ അതിക്രമിച്ച് കയറി കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കൂടെ യുവതിയുടെ മകളും മകനും ഉണ്ടായിരുന്നു. യുഎസിലെ ഇന്ത്യാനപോളിസിലാണ് ദാരുണമായ സംഭവം നടന്നത്. ബസില്‍ ഘടിപ്പിച്ച സെക്യൂരിറ്റി ക്യാമറയില്‍ മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. യുവതി ബസിലേക്ക് അതിക്രമിച്ച് കയറുമ്പോള്‍ രക്ഷിതാക്കള്‍ക്ക് സ്കൂള്‍ ബസില്‍ കയറാന്‍ അധികാരമില്ല എന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇത് കണക്കിലെടുക്കാതെ  കുട്ടിയെ അടിക്കെന്ന് യുവതി ഉറക്കെ അലറി വിളിക്കുകയാണ്. അതിക്രമത്തില്‍ കുട്ടിയുടെ മൂക്കിനും കണ്ണിനും പരിക്കേറ്റു. 

പൊലീസ് എത്തിയതിന് ശേഷമാണ് യുവതിയും മക്കളും 14 കാരനുനേരെയുള്ള മര്‍ദനം അവസാനിപ്പിച്ചത്.യുവതി പൊലീസിനോട് പറഞ്ഞത് പതിനാലു കാരന്‍ തന്‍റെ മകനെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്ന എന്നും വിവരം അറിഞ്ഞിട്ടും ഇതവസാനിപ്പിക്കുന്നതിനായി സ്കൂള്‍ അധികൃതര്‍ ഒന്നും ചെയ്തില്ല എന്നുമാണ്. എന്നാല്‍ അതിക്രമത്തിന് ഇരയായ കുട്ടി പറയുന്നത് പാതി മെക്സിക്കന്‍ വംശജനായ തന്നെ യുവതിയുടെ മകന്‍ വംശീയ അധിക്ഷേപം നടത്തി എന്നാണ്. അക്രമം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

By admin