5000ത്തിന് ഒരു കോടി, അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ സ്വത്തും പണവും വാഗ്ദാനം ചെയ്ത് 500 കോടിയുടെ തട്ടിപ്പ്

തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് വൻ തട്ടിപ്പ് നടത്തിയത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങി പറ്റിച്ചതായി പരാതിയുണ്ട്. തൃശ്ശൂർ കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.

രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. 5,000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്നായിരുന്നു വാഗ്ദാനം. ആയിരക്കണക്കിന് ആളുകളാണ് കെണിയിൽ കുടുങ്ങിയത്. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മാടായിക്കോണം സ്വദേശി മനോജിന്‍റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ. 

പല തവണകളായി 2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതി. പ്രതികൾ ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങിയതായി പറയുന്നു. തട്ടിപ്പിന് ഇരയായി പ്രവാസിയായ ആനന്തപുരം സ്വദേശി മോഹനന് 45 ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീർഘകാലമായി നിക്ഷേപ തട്ടിപ്പെന്ന് മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസിയൊട്ടിച്ച് ഒപ്പിട്ടുനൽകും. എത്ര കോടിയാണോ തിരികെ കിട്ടുക അതിന് ആനുപാതികമായ കറൻസിയാണ് ഒട്ടിക്കുന്നത്. റിസർവ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള വ്യാജ രേഖയും നൽകിയതായി പറയുന്നു.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി ഈ തട്ടിപ്പിന് ഇരയായവർ നിരവധിയാണ്. നാലു കോടിയോളം രൂപ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. നാണക്കേട് ഭയന്ന് പലരും പരാതി നൽകിയിട്ടില്ല. നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം മാർച്ച് 31 വരെ സാവകാശം തേടി വാങ്ങിയ പണം തിരികെ നൽകാമെന്നും അതുവരെ പൊലീസിൽ പരാതി നൽകരുതെന്നും ആവശ്യപ്പെട്ട് പ്രതികൾ ബന്ധപ്പെട്ടതായി വിവരമുണ്ട്.

‘ഡെഡ് മണി’! പണം നഷ്ടമായവർ നെട്ടോട്ടമോടുന്നു; സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പ് കൂടി വെളിച്ചത്തേക്ക്; കേസെടുത്തു

 

By admin