ഹോട്ടലിൽ വച്ച് പരിചയം, 9 ലക്ഷം നൽകി കാത്തിരുന്നിട്ടും ധനലക്ഷ്മി ബാങ്കിൽ ജോലി കിട്ടിയില്ല, പരാതി, അറസ്റ്റ്
മാന്നാർ: ധനലക്ഷ്മി ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മാന്നാർ സ്വദേശിയിൽ നിന്ന് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പളളി മാളിയേക്കൽ റോഡിൽ അമൃത ഗൗരി അപ്പാർട്ട്മെന്റിൽ കിഷോർ ശങ്കർ (ശ്രീറാം-40) ആണ് അറസ്റ്റിലായത്. മാന്നാർ സ്വദേശിയായ യുവാവിനെ ഒരു ഹോട്ടലിൽ വെച്ച് താൻ ധനലക്ഷ്മി ബാങ്കിന്റെ എൻആർഐ സെക്ഷൻ മാനേജർ ആണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ബാങ്കിൽ ജോലി വാങ്ങി നൽകാം എന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മൂന്ന് മാസങ്ങളായി പല തവണകളായിട്ടാണ് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തത്.
ലക്ഷങ്ങൾ നൽകിയിട്ടും ജോലി ലഭിക്കാത്തതിനാൽ വ്യാഴാഴ്ചയാണ് യുവാവ് മാന്നാർ പൊലീസിൽ പരാതി നൽകിയത് തുടർന്ന് എസ്ഐ അഭിരമിന്റെ നേതൃത്വത്തത്തിൽ എസ്ഐ സി എസ് ഗിരീഷ്, എഎസ്ഐ റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ, സാജിദ്, സുധീഷ്, സിവിൽ പൊലീസ് ഓഫിസര്‍ ഹരിപ്രസാദ് എന്നിവർ പ്രതിയെ എറണാകുളം പള്ളിമുക്ക് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ സമീപത്ത് നിന്നാണ് പിടികൂടിയത്.
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ സമാന രീതിയിലും ബാങ്കിൽ നിന്ന് ലോൺ സംഘടിപ്പിച്ചു നൽകാം എന്ന് പറഞ്ഞും പ്രമുഖരായ ആളുകളെ ഉള്‍പ്പെടെ തട്ടിപ്പിനിരയാക്കിയിട്ടുള്ളതായും, 2016 ൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞയാളുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.