‘സുനിത വില്യംസ് സാധാരണക്കാരിയല്ല, ലോകം മാറ്റിമറിക്കും’; ബഹിരാകാശ യാത്രികയെ പ്രശംസിച്ച് കുടുംബാംഗം

ദില്ലി: നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രികരില്‍ ഒരാളും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് മൂന്നാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) നീണ്ട 9 മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങിയ സുനിതയെ ലോകം വാഴ്ത്തുന്നതിനിടെ അവരുടെ ഒരു ബന്ധുവിന്‍റെ പ്രതികരണവും ശ്രദ്ധേയമാവുന്നു. 

‘സുനിത വില്യംസ് തിരിച്ചെത്തിയിരിക്കുന്നു, ഞങ്ങള്‍ ആഹ്‌ലാദം കൊണ്ട് തുള്ളിച്ചാടി. ഞാന്‍ വളരെ സന്തുഷ്ടനാണ്, ഇന്നലെ വരെ മനസിലൊരു വിങ്ങലുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ പ്രാര്‍ഥനകള്‍ കേട്ട ദൈവം സുനിതയെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. സുനിത ഒരു സാധാരണക്കാരിയല്ല, അവള്‍ ലോകത്തെ മാറ്റിമറിക്കും’- എന്നുമാണ് സുനിത വില്യംസിന്‍റെ കസിന്‍ കൂടിയായ ദിനേശ് റാവലിന്‍റെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

Read more: ക്രൂ-9 ഡ്രാഗണ്‍ പേടകം കടലിൽ നിന്നും വീണ്ടെടുത്ത് കരയിൽ എത്തിച്ചത് എംവി മേഗൻ; കപ്പലിനൊരു കഥയുണ്ട്

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27-നാണ് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തിയത്. മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ്. ബഹിരാകാശത്ത് നിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ സുനിതയുടെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലും ആഘോഷം നടന്നു. നിരവധി പേരാണ് സുനിത വില്യംസിന്‍റെ മടങ്ങിവരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. 

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഡ്രാഗണ്‍ ഫ്രീഡം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. സുനിത വില്യംസിന് പുറമെ നാസയുടെ തന്നെ ബഹിരാകാശ യാത്രികരായ നിക് ഹേഗ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമായിരുന്നു ഡ്രാഗണ്‍ പേടകത്തില്‍ വന്നിറങ്ങിയത്. സുനിതയും ബുച്ചും 2024 ജൂണ്‍ 5നും, ഹേഗും ഗോര്‍ബുനോവും 2024 സെപ്റ്റംബര്‍ 28നുമായിരുന്നു ഭൂമിയില്‍ നിന്ന് ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. ഇനി ഈ നാല് പേര്‍ക്കും നാസയുടെ 45 ദിവസത്തെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ കാലയളവാണ്.

Read more: ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗൺ പേടകത്തിന് സവിശേഷതകളേറെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin