ഫ്ലോറിഡ: നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവും മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. നാല് പേരെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം മൊഡ്യൂള്‍ കടലിലിറങ്ങിയപ്പോള്‍ എല്ലാ സുരക്ഷയും യുഎസ് കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് വലിയ മത്സ്യങ്ങള്‍ പേടകത്തിന് അരികിലെത്തിയ കാഴ്ച നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍റര്‍ കൗതുകത്തോടെ എക്സില്‍ പങ്കുവെച്ചിരിക്കുകയാണ്.
മെക്സിക്കൻ ഉൾക്കടലിൽ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാർഡിനൊപ്പം മത്സ്യക്കൂട്ടവുമാണ് എന്നത് കൗതുകകരമായി. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന മത്സ്യങ്ങളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിന്‍റെ ബോട്ടുകളും സ്പേസ് എക്സിന്‍റെ കപ്പലുമുണ്ടായിട്ടും, അതൊന്നും വകവെക്കാതെ മത്സ്യങ്ങള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് തുടരുകയായിരുന്നു.
The unplanned welcome crew!
Crew-9 had some surprise visitors after splashing down this afternoon.🐬 pic.twitter.com/yuOxtTsSLV
— NASA’s Johnson Space Center (@NASA_Johnson) March 18, 2025
ക്രൂ-9 ബഹിരാകാശ ദൗത്യ സംഘവുമായി മടങ്ങിയെത്തിയ ഡ്രാഗണ്‍ ഫ്രീഡം പേടകം ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3.27-നാണ് മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തത്. നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവുമായിരുന്നു പേടകത്തിലെ മടക്കയാത്രക്കാര്‍. ഇവരില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് മടങ്ങിയെത്തിയത്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്.
2024 ജൂൺ മുതൽ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഭൂമിയില്‍ നിന്ന് ഇരുവരും യാത്രതിരിച്ച ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ ഇതിനിടെ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്‍റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നാസ നീട്ടിയത്.
Read more: ത്രില്ലടിച്ച് നാസ: ‘വെൽക്കം ഹോം’ – സുനിയും കൂട്ടരും തിരിച്ചെത്തി, ആദ്യ പ്രതികരണവുമായി നാസ