ഷിബിലയെ വെട്ടി യാസിർ രക്ഷപ്പെട്ടത് ചില്ല് പൊട്ടിയ ആൾട്ടോ കാറിൽ, പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങി; ദൃശ്യങ്ങൾ
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി കാറിൽ പെട്രോളടിച്ച ശേഷം പണം നൽകാതെ പോയെന്ന് പൊലീസ്. യാസിര്‍ ഉണ്ണികുളം എസ്റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളയുന്ന ദൃശ്യം പുറത്തുവന്നു. യാസിര്‍ ഇതേ കാറിലെത്തിയാണ് ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ ആണ് ഭർത്താവായ യാസിർ വെട്ടിക്കൊലപ്പെടുത്തിയത്.
കെഎല്‍ 57 എച്ച് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയിലായിരുന്നു പമ്പില്‍ എത്തിയത്. കൃത്യം നടത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് കാറില്‍ പെട്രോള്‍ അടിക്കാനായി ഇയാള്‍ എത്തിയത് എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പാര്‍ക്കിങിന് സമീപത്ത് നിന്നും നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലിസ് സ്ഥലത്തെത്തിയാണ് യാസിറിനെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. യാസിറും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബ വഴക്ക് രൂക്ഷമായിരുന്നു. സംഭവ ദിവസം ഉച്ചക്ക് വീട്ടിലെത്തിയ യാസിൽ ഭാര്യ ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും ഷിബിലയോട് പറഞ്ഞ് യാസിർ പോയി. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയ യാസിൽ ഷിബിലയെ വെട്ടുകയായിരുന്നു.
പുതിയതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. 6.35ഓടെ ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. കൊലപാതകത്തിനു ശേഷം യാസിൽ കാറിൽ രക്ഷപ്പെടുകയായിരുന്നു.