ഷിബിലയെ ഭർത്താവ് വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ, ശരീരത്തില്‍ 11 മുറിവുകള്‍; പ്രതി യാസിർ റിമാന്‍റില്‍
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ വെട്ടിക്കൊന്ന ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു. രാത്രി 8.30 ഓടെയാണ് താമരശ്ശേരി മജിസ്‌ട്രേറ്റിന് മുമ്പിൽ പ്രതിയെ ഹാജരാക്കിയത്. യാസിർ കൃത്യമായ ആസൂത്രണത്തോടെയെന്ന് ഷിബിലയെ വെട്ടിക്കൊന്നതെന്ന് പൊലീസ് പറയുന്നു.
പ്രണയ വിവാഹമായിരുന്നെങ്കിലും ദുരന്തത്തിൽ കലാശിച്ച ദാമ്പത്യം. സഹികെട്ടാണ് ഷിബിലെ യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു. ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ സർട്ടിഫിക്കറ്റുകൾ ഷിബിലയുടെ വീട്ടിലെത്തി യാസർ തിരികെ നൽകിയത്. വൈകീട്ട് വീണ്ടും നോമ്പുതുറ നേരത്ത് വീണ്ടും വരാമന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. യാസർ വൈകീട്ട് വീണ്ടുമെത്തിയത് കത്തിയുമായാണ്. ഷിബിലയുടെ ജീവിനെടുക്കാനായിരുന്നു ആ വരവ്.
നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോൾ ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും വെട്ടേറ്റ നിലയിലായിരുന്നു. അയൽവാസികൾക്ക് നേരെയും കത്തിവീശി. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കരികുളം മദ്രസയില്‍ നടന്ന പൊതുദര്‍ശനത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. ത്വാഹാ മസ്ജിദില്‍ അഞ്ച് മണിയോടെ ഖബറടക്കി. ഷിബിലയുടെ ശരീരത്തില്‍ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലേറ്റ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ മരണകാരണമായി. കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. യാസിര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറില്‍ നിന്നും രണ്ട് കത്തിയും ബാഗും പൊലീസ് കണ്ടെടുത്തു.