വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി; 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് അംഗീകരിച്ചത്. 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികൾക്കൊന്നും പണം തടസമാകില്ലെന്ന് സംസ്ഥാന ബജറ്റിൽ തന്നെ സർക്കാർ വ്യക്തമാക്കിയതാണ്.

വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെൻറ് ഹബായി വികസിക്കണമെങ്കിൽ റോഡ് കണക്ടിവിറ്റിക്കൊപ്പം റെയിൽ കണക്ടിവിറ്റിയും അനിവാര്യമാണ്. തുറമുഖത്ത് കൈകാര്യം ചെയ്യേണ്ടിവരുന്ന അഞ്ച് ദശലക്ഷം ചരക്കിൽ ഏകദേശം 30% റോഡും റെയിൽവേയും വഴി കൊണ്ടുപോകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ആകെ ചെലവായി പ്രതീക്ഷിക്കുന്ന 1482.92 കോടിയിൽ 198 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ്. തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ലഭിച്ചാൽ വിഴിഞ്ഞത്തു നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകും. ദക്ഷിണേന്ത്യയിലെ വലിയ വ്യാവസായിക മേഖലകളുമായി തുറമുഖത്തിന് നേരിട്ടുള്ള ബന്ധവും ഇതോടെ എളുപ്പമാകും.

By admin