വിട്ടുവീഴ്ചയില്ല, ഓരോ ട്രക്കിനും 10,000 റിയാൽ പിഴ, സൗദിയിൽ നിയമം ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ കണ്ടുകെട്ടി
റിയാദ്: സൗദിയിൽ ചരക്ക് ഗതാഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ട്രക്കുകൾ കണ്ടുകെട്ടിയത്. സാധുവായ ലൈസൻസ് ഇല്ലാതെയാണ് ഈ ട്രക്കുകൾ രാജ്യത്തെ നഗരങ്ങൾക്കുള്ളിൽ ചരക്ക് ഗതാഗതം നടത്തിയതെന്ന് അധികൃതർ കണ്ടെത്തി. ഓരോ ട്രക്കുകൾക്കും 10000 റിയാൽ വീതം പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അധികൃതർ അറിയിച്ചു.
ചരക്ക് ഗതാഗത നിയമലംഘനം നടത്തുന്ന ട്രക്കുകൾക്ക് ആദ്യ ലംഘനത്തിൽ 10,000 റിയാൽ വരെ പിഴ ചുമത്തുന്നതായിരിക്കും. കൂടാതെ, 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ 20,000 റിയാൽ വരെ പിഴയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിന്നീടുള്ള നിയമലംഘനങ്ങളിൽ പിഴ ഇരട്ടിയാക്കപ്പെടും. ഇത്തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങൾക്ക് പരമാവധി 1,60,000 റിയാൽ വരെ പിഴ ലഭിക്കുകയും 60 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയുമാണ് ചെയ്യുന്നത്.
read more: അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സൗദി അറേബ്യയിലുടനീളം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗത മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കുക, എല്ലാ ചരക്ക് ഗതാഗത വാഹനങ്ങൾക്കും തുല്ല്യ അവസരം ഉറപ്പുവരുത്തുക തുടങ്ങിയവയും പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.