വായനയാണ് ലഹരിയെന്ന സന്ദേശവുമായി കുരുന്നുകൾ; യാത്രയയപ്പിന് സ്വരൂപിച്ച തുക കൊണ്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ വാങ്ങി

കണ്ണൂർ: കുഞ്ഞിമംഗലം ഗവൺമെൻ്റ്  ജിഎൽപി സ്‌കൂളിൽ നാലാം തരം വിദ്യാർത്ഥികൾ അവരുടെ യാത്രയയപ്പ് പരിപാടിയ്ക്ക് വേണ്ടി സ്വരൂപിച്ച തുക ഉപയോഗിച്ച് സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വായനയാണ് ലഹരിയെന്ന് യുവതയെ ബോധ്യപ്പെടുത്തി സമൂഹത്തിൽ മാതൃകയാകുകയാണ് ഈ കുരുന്നുകൾ.

പരിപാടിയോട് അനുബന്ധിച്ച് വിവിധ പുരാവസ്തുക്കൾ, പഴയകാല വീട്ടുപകരണങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ, വിവിധ കാലങ്ങളിൽ  ഉപയോഗിച്ചിരുന്ന നാണയങ്ങൾ, സ്റ്റാമ്പുകൾ, മരത്തിലും വെള്ളോട്ടിലും തീർത്ത വിവിധ വീട്ടുപകരണങ്ങൾ, പണിയായുധങ്ങൾ  തുടങ്ങി വൈവിധ്യങ്ങളായ വസ്തുക്കൾ പ്രദർശനത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. 

പഠനോത്സവത്തിൻ്റെ ഭാഗമായി പഴയ കാലത്ത് മനുഷ്യർ ഉപയോഗിച്ചിരുന്ന വസ്തുക്കളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനും പഴയ കാല സംസ്‌കാരത്തെ കുറിച്ച് കുട്ടികളെ  ബോധ്യപ്പെടുത്തുവാനുമാണ് ഇത്തരത്തിൽ പ്രദർശനം സംഘടിപ്പിച്ചത്. നാലാം തരത്തിലെ വിദ്യാർത്ഥികളിൽ നിന്നും  ഹെഡ് മിസ്ട്രസ് എം ശാന്ത പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ മദർ പി ടി എ പ്രസിഡന്റ് പി പി ഷിംല, പി പി ശാലിനി, കെ സിന്ധു, പി പി രഞ്ജിനി എന്നിവർ സംസാരിച്ചു.

‘കൂലിയെവിടെ?’ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പിജി ഡോക്ടര്‍മാരുടെ സമരം; ഒപി, വാര്‍ഡ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin