വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി, അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

വയനാട്: വയനാട് കളക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഔദ്യോഗിക മെയിലില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതെങ്കിലും കുറച്ച് സമയം മുമ്പാണ് മെയില്‍ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇന്നലെ കൊല്ലം, തിരുവനന്തപുരം കളക്ടറേറ്റുകളില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് മനസിലാവുകയായിരുന്നു.  

തിരുവനന്തപുരം കളക്ടറേറ്റിൽ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി സബ് കളക്ടർ അടക്കം നിരവധി പേർക്ക് കുത്തേല്‍ക്കുകയും ഉണ്ടായി. ബോംബ് കണ്ടെത്താനുള്ള പരിശോധനക്കിടെ തേനീച്ചക്കൂട് ഇളകിയത് കളക്ടറേറ്റ് പരിസരത്ത് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കളക്ടറേറ്റ് ജീവനക്കാർ, പൊലീസുകാർ, ബോംബ് സ്ക്വാഡ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ, പൊതുജനം അടക്കം പലർക്കും തേനീച്ചയുടെ കുത്തേറ്റു.  ഇന്നും കളക്ടറേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായി. കളക്ടറേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകൾ കുത്തി. കളക്ടറേറ്റ് കെട്ടിടത്തിലെ കൂറ്റൻ തേനീച്ച കൂടുകൾ മാറ്റാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടിയിട്ടുണ്ട്. 

Also Read: തേനീച്ചകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം! ഇന്നും തിരുവനന്തപുരം കളക്ടറേറ്റിലെത്തിയവർക്ക് കുത്തേറ്റു, കൂടുകൾ നീക്കും

(പ്രതീകാത്മക ചിത്രം)

By admin