‘ലിയോ’യുടെ ഉയരം ചാടിക്കടക്കുമോ ‘എമ്പുരാന്‍’? കേരള ഓപണിംഗില്‍ ആരൊക്കെ വീഴും?

മലയാളി സിനിമാപ്രേമികള്‍ ഇത്രയും ആവേശത്തോടെ കാത്തിരുന്ന ഒരു ചിത്രം എമ്പുരാന്‍ പോലെ മറ്റൊന്നില്ല. റിലീസിനോട് അടുക്കുന്തോറും ഓരോ ദിവസവും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാപ്രേമികളില്‍ ഒട്ടാകെ ഈ ചിത്രം ആവേശം കൂട്ടുന്നുണ്ട്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസിലും ബജറ്റിലും എത്തുന്ന ചിത്രമാണ് എമ്പുരാന്‍. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ എന്താണെന്നത് സംബന്ധിച്ച ചര്‍ച്ച ട്രാക്കര്‍മാരും സിനിമാപ്രേമികളുമൊക്കെ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

കേരളത്തില്‍ റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം നിലവില്‍ മലയാളത്തില്‍ നിന്നല്ല, മറിച്ച് തമിഴില്‍ നിന്നാണ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനായി 2023 ല്‍ പുറത്തെത്തിയ ലിയോയ്ക്കാണ് ആ റെക്കോര്‍ഡ്. 12 കോടിയാണ് റിലീസ് ദിനത്തില്‍ ലിയോ കേരളത്തില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്തും ഒരു മറുഭാഷാ ചിത്രമാണ്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ യഷ് നായകനായ കെജിഎഫ് 2 ആണ് അത്. 7.30 കോടി ആയിരുന്നു ചിത്രത്തിന്‍റെ കേരള ഓപണിംഗ്. 

മൂന്നാം സ്ഥാനത്ത് ഒരു മോഹന്‍ലാല്‍ ചിത്രമാണ്. 7.25 കോടിയുമായി വി എ ശ്രീകുമാര്‍ ഒരുക്കിയ 2018 ചിത്രം ഒടിയന്‍. വന്‍ ഹൈപ്പോടെ എത്തിയ ഒടിയന്‍ ഏഴ് വര്‍ഷം മുന്‍പ് 7.25 കോടി എന്നത് വിലയിരുത്തുമ്പോള്‍ എമ്പുരാന്‍ കെജിഎഫ് 2 നെ മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിനാല്‍ത്തന്നെ ലിയോയെ മറികടക്കുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ഈ മറികടക്കല്‍ എമ്പുരാനെ സംബന്ധിച്ച് കുറച്ച് കഠിനമാണ്. കാരണം ലിയോയുടെ കേരളത്തിലെ ആദ്യ ഷോകള്‍ തുടങ്ങിയത് പുലര്‍ച്ചെ നാലിനായിരുന്നു. എമ്പുരാന്‍റേത് തുടങ്ങുന്നത് പുലര്‍ച്ചെ 6 മണിക്കും. 3 മണിക്കൂറോളം ദൈര്‍ഘ്യവുമുള്ള ചിത്രം സ്വാഭാവികമായും ലിയോയുടെ അത്ര ഷോകള്‍ റിലീസ് ദിനത്തില്‍ കേരളത്തില്‍ കളിക്കില്ല. ഒപ്പം വിക്രം നായകനാവുന്ന വീര ധീര ശൂരനും അതേ ദിവസമാണ് റിലീസ്. ഈ ചിത്രവും കുറേ തിയറ്ററുകള്‍ കൊണ്ടുപോകും. ആദ്യ ഷോകളിലൂടെ വമ്പന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടുന്നപക്ഷം തുടര്‍ ഷോകളിലെ തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയാല്‍ മാത്രമാണ് എമ്പുരാന്‍ ലിയോയെ മറികടക്കാനുള്ള സാധ്യത അവശേഷിക്കുന്നത്.

ALSO READ : ‘തിരുത്ത്’ തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin