മുസ്ലീം സ്ത്രീയെ ആരാധിക്കുന്ന ഗുജറാത്തിലെ ക്ഷേത്രം; ഇന്ത്യയിൽ ഒന്ന് മാത്രം, ദോല മാതാ ക്ഷേത്ര ചരിത്രം ഇങ്ങനെ

ഇന്ത്യയിൽ ക്ഷേത്രങ്ങൾ നിരവധിയുണ്ട്. എന്നാൽ, ദേവനോ ദേവിയ്ക്കോ പകരം ഒരു മുസ്ലീം സ്ത്രീയെ ആരാധിക്കുന്ന ക്ഷേത്രമുണ്ടെന്ന് എത്ര പേർക്ക് അറിയാം? അതെ, ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ജൂലാസൻ എന്ന ഗ്രാമത്തിലാണ് അത്തരമൊരു ക്ഷേത്രമുള്ളത്. ഈ ക്ഷേത്രം ദോല മാതാ എന്നറിയപ്പെടുന്നു. ഗ്രാമവാസികൾ ക്ഷേത്രത്തിലെത്തി തല കുനിച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുന്നതാണ് ഇവിടുത്തെ രീതി. 

ഏകദേശം 850 വർഷങ്ങൾക്ക് മുമ്പ് ജൂലാസൻ ഗ്രാമം ഒരു കൂട്ടം കൊള്ളക്കാർ ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു. കള്ളന്മാർ പലപ്പോഴും ഇവിടെ വന്ന് കൊള്ളയടിച്ചിരുന്നു. ഒരിക്കൽ അയൽ ഗ്രാമത്തിലെ ഒരു മുസ്ലീം സ്ത്രീ ഈ ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോഴാണ് കൊള്ളക്കാർ ​ആ ​ഗ്രാമത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആ സ്ത്രീയുടെ കണ്ണിൽപ്പെട്ടത്. ഉടൻ തന്നെ ആ സ്ത്രീ കൊള്ളക്കാരെ വെല്ലുവിളിച്ചു. അവരോട് പോരാടുന്നതിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചു. സ്ത്രീ ജീവൻ വെടിഞ്ഞ സ്ഥലത്ത് നാട്ടുകാർ ഒരു സമാധി സ്ഥാപിക്കുകയും പിന്നീട് അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. സ്ത്രീ മരിച്ചുവീണിടത്ത് പിന്നീട് പൂവുകൾ വിരിഞ്ഞെന്നും പറയപ്പെടുന്നുണ്ട്. 

ഈ ക്ഷേത്രം സന്ദർശിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഭക്തർ എത്താറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഗുജറാത്തിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ടെങ്കിലും മുസ്ലീം സ്ത്രീകളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്. ദോല മാതാ ക്ഷേത്രത്തിൽ വി​ഗ്രഹമില്ല. പകരം, വർണ്ണാഭമായ തുണികൊണ്ട് അലങ്കരിച്ച ഒരു ശില മാത്രമേയുള്ളൂ. ദേവിയാണ് ഈ ക്ഷേത്രത്തിലെ സങ്കൽപ്പം. അതിനാൽ ഇവിടെ ​ഗംഭീരമായ നവരാത്രി ആഘോഷങ്ങൾ നടക്കാറുണ്ട്. ഇന്നും ദോല മാതാ ക്ഷേത്രം ആ ​ഗ്രാമത്തെ മുഴുവൻ സംരക്ഷിക്കുകയും എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്. 

ഈ ​ഗ്രാമത്തിൽ ഒരു മുസ്ലീം കുടുംബം പോലുമില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 7,000 – 8,000 ആളുകളുള്ള ഈ ഗ്രാമത്തിൽ 2,500 പേർ വിദേശത്താണ് താമസിക്കുന്നത്. അതുകൊണ്ട് ഈ ക്ഷേത്രത്തെ ഡോളർ മാതാ ക്ഷേത്രം എന്നും വിളിക്കുന്നു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഈ ഗ്രാമത്തിൽ നിന്നുള്ളയാളാണ്. ബഹിരാകാശ യാത്രയ്ക്ക് മുമ്പ് സുനിതാ വില്യംസ് ദോല മാതാ ക്ഷേത്രം സന്ദർശിച്ചിരുന്നു. 9 മാസത്തെ ബഹിരാകാശവാസം പൂർത്തിയാക്കി സുനിത വില്യംസ് ഇന്ന് ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. ഇന്ന് ദോല മാതാ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളുമെല്ലാം നടന്നിരുന്നു. 

READ MORE: 24 മണിക്കൂറും വെള്ളത്തിൽ! ഇന്ത്യയിലെ ഏക ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസിനെ കുറിച്ച് അറിയാമോ?

By admin