മുമ്പിൽ നമ്പർപ്ലേറ്റില്ലാത്ത ഡ്യൂക്ക് ബൈക്ക്, ഹൈവേ കട്ട് ചെയ്ത് ബൈറോഡിൽ കയറിയതും പെട്ടു; എംഡിഎംഎയുമായി പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. തിരുവനന്തപുരത്ത് 21 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശിയായ സിദ്ധിക്ക്, പാറശ്ശാല കോഴിവിള സ്വദേശിയായ സൽമാൻ എന്നിവരാണ് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്. മുന്നിൽ നമ്പർ പ്ലേറ്റില്ലാത്ത ഡ്യൂക്ക് ബൈക്കിലെത്തിയ യുവാക്കളെ തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്സൈസ് ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, തിരുപുറം റെയിഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഹൈവേയിൽ നിന്നും ബൈറോഡ് വഴിയെത്തിയ യുവാക്കളെ എക്സൈസ് സംഘം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ യുവാക്കളിലൊരാളുടെ ജീൻസിന്‍റെ പോക്കറ്റിൽ നിന്നുംപ്രത്യേക പായ്ക്റ്റ് ലഭിച്ചു. ഈ പായ്ക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എക്‌സൈസ് ഇൻസ്പെക്ടർ കെ.വി.വിനോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജുരാജ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ഷാജു പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശരത്ത്, ദീപു, അഭിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും തിരുപുറം റേഞ്ച് ഇൻസ്പെക്ടർ രതീഷും പാർട്ടിയും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.