പാണ്ടിക്കാടേയ്ക്ക് ബസിൽ പിന്നാലെ പൊലീസും, മലപ്പുറത്ത് മാത്രം എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത് 3പേർ
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേര്‍ പിടിയിലായി. പാണ്ടിക്കാടും കരുവാരകുണ്ടില്‍ നിന്നുമാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. പാണ്ടിക്കാടില്‍ നിന്ന് 14.5 ഗ്രാം എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. കരുവാരകുണ്ടില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പാണ്ടിക്കാട് പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരാണ് അറസ്റ്റിലായത്. പാണ്ടിക്കാട് തമ്പാനങ്ങാടി കാഞ്ഞിരക്കാടന്‍ ഷിയാസിന്റെ വീട്ടില്‍ എസ്‌ഐ ദാസന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പൊലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 14.5 ഗ്രാം എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി.
വീട്ടിലുണ്ടായിരുന്ന ഷിയാസ്(42), കരുവാരകുണ്ട് തരിശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരൂവില്‍നിന്ന് ബസ് മാര്‍ഗം പാണ്ടിക്കാട്ടെത്തിയ രണ്ടുപേരും ഷിയാസിന്റെ വീട്ടിലെത്തിയ സമയത്താണ് പൊലീസ് പരിശോധന നടത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് ആലിക്കോട് സ്വദേശി ചെമ്മല സുനീറി (38) നെയാണ് കരുവാരക്കുണ്ട് പൊലീസും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ജില്ലയിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സുനീര്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ആലിക്കോടുള്ള ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ബെംഗളുരൂവില്‍നിന്ന് മലപ്പുറം ജില്ലയിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘങ്ങളെ തേടി അതിര്‍ത്തികളില്‍ പൊലീസ്, എക്‌സൈസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ബസിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. മലപ്പുറം പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, പാണ്ടിക്കാട് ഇന്‍സ്‌പെക്ടര്‍ സി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ എം.കെ. ദാസന്‍, പൊലീസ് ഉദ്യോഗസ്ഥരായ ഹാരിസ്, ഷൈജു, അനിത എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധന നടത്തിയത്.