നിലമ്പൂരില്‍ ഉപതെരെഞ്ഞെടുപ്പ് ചര്‍ച്ചകള്‍; കോൺഗ്രസിൽ സ്ഥാനാർഥി നിർണയം കീറാമുട്ടി, സിപിഎമ്മിന് അഭിമാന പോര്
മലപ്പുറം: പി വി അൻവര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് രണ്ട് മാസം പിന്നിട്ടതോടെ നിലമ്പൂരില്‍ ഉപതെരെഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി.സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും മണ്ഡലത്തില്‍ ചൂടുപിടിച്ചു തുടങ്ങി. ഉപതെരെഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ടര്‍മാരെ ചേര്‍ക്കലും മറുപക്ഷത്തെ അനര്‍ഹരായവരുടെ വോട്ടുകള്‍ ഒഴിവാക്കലും അടക്കമുള്ള കാര്യങ്ങള്‍ നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിച്ച് ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്.
ഇതിനിടയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കലാണ് ഇരു മുന്നണികള്‍ക്കും മുന്നിലുള്ള കീറാമുട്ടി. ഏറ്റവും വലിയ തര്‍ക്കമുള്ളത് കോൺഗ്രസിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയും തമ്മിലാണ് പ്രധാന തര്‍ക്കം. സീറ്റിനായി രണ്ട് പേരും ഒരു പോലെ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
മണ്ഡലത്തില്‍ ഇരുവരും വാശിയോടെ സജീവവുമാണ്. ഈ തര്‍ക്കം മുറുകുന്നതിനിടയില്‍ മൂന്നാമതൊരാള്‍ക്ക് സാധ്യയുണ്ടോയെന്ന നോട്ടത്തില്‍ ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബാബുമോഹന കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം എൻ എ കരീം തുടങ്ങിയവരാണ് ഇവര്‍.
സിപിഎമ്മിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. പി വി അൻവര്‍ അപ്രതീക്ഷിതമായി കളം മാറിപോയതോടെ വലിയ തിരിച്ചടി നേരിട്ട സിപിഎമ്മിന് ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പാര്‍ട്ടി സ്ഥാനര്‍ത്ഥിയാണെങ്കില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, ഡിവൈഫ്ഐ ജില്ലാ പ്രസിഡന്‍റ് പി ഷബീര്‍ എന്നിവരാണ് സിപിഎം പരിഗണ പട്ടികയിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിനാണ് സിപിഎം നല്‍കിയിട്ടുള്ളത്.