നമുക്ക് നമ്മെ കുറിച്ചോർത്ത് നാണം തോന്നണം, ഇവിടെ വന്ന വിദേശികളായ ടൂറിസ്റ്റുകൾ ചെയ്യുന്നത് കണ്ടോ?
മാലിന്യം വലിച്ചെറിയുക എന്നത് ഇന്ത്യയിൽ ഒരു പുതിയ കാര്യമൊന്നും അല്ല. പല നഗരങ്ങളിലും ആളുകൾ തോന്നുന്നിടത്തെല്ലാം മാലിന്യം വലിച്ചെറിയാറുണ്ട്. അതിപ്പോൾ പ്ലാസ്റ്റിക് ആയിക്കോട്ടെ, ഭക്ഷണാവശിഷ്ടങ്ങളായിക്കോട്ടെ എന്തുമായിക്കോട്ടെ. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ് എന്നൊക്കെ പറയുമെങ്കിലും അതൊന്നും ഇവിടെ ആരും ഗൗനിക്കാറില്ല. എന്നിരുന്നാലും, മാലിന്യം വലിച്ചെറിയുന്നവർക്ക് ഈ വീഡിയോ കാണുമ്പോൾ അല്പം ജാള്യം തോന്നും എന്ന കാര്യത്തിൽ സംശയം ഇല്ല.
അടുത്തിടെ, വടക്കൻ സിക്കിമിലെ യംതാങ് താഴ്‌വരയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ട് ഡാനിഷ് ടൂറിസ്റ്റുകൾ ചെയ്ത കാര്യമാണ് ഇപ്പോൾ കയ്യടി നേടുന്നത്. റോഡരികിൽ ആളുകൾ വലിച്ചെറിഞ്ഞ മാലിന്യം പെറുക്കുകയായിരുന്നു അവർ ഇരുവരും. അവരുടെ ഈ പ്രവൃത്തി ആളുകളെ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
@sikkimdiariescom എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വടക്കൻ സിക്കിമിലെ യംതാങ് താഴ്‌വരയിലേക്കുള്ള വഴിയിൽ ഡെന്മാർക്കിൽ നിന്നുള്ള രണ്ട് ടൂറിസ്റ്റുകൾ മാലിന്യങ്ങൾ പെറുക്കുന്നത് കാണാമെന്നും ഇവരുടെ പ്രവൃത്തി സഹയാത്രികരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നും വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്.
വീഡിയോയിൽ മഞ്ഞു മൂടിക്കിടക്കുന്ന വഴിയരികിൽ നിന്നും ഇരുവരും ഒരു കവറിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പെറുക്കിയെടുക്കുന്നത് കാണാം. മറ്റ് യാത്രക്കാർ ഇവരെ കൗതുകത്തോടെ നോക്കുന്നതും കാണാം.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നമുക്ക് നമ്മെ കുറിച്ചോർത്ത് നാണം തോന്നണം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ കമന്റ് നൽകിയത് ഈ സ്ത്രീയെ കഴിഞ്ഞ ദിവസം യംതങ് വാലിയിൽ വച്ച് കണ്ടിരുന്നു. നിങ്ങളുടെ രാജ്യം സുന്ദരമാണ് എന്നും അത് വൃത്തിയായി സൂക്ഷിക്കണം എന്നും അവർ പറഞ്ഞു എന്നാണ്.
ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി