ചാഹല്‍-ധനശ്രീ വിവാഹമോചന കേസ് വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്
മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റേയും ധനശ്രീ വര്‍മയുടേയും വിവാഹമോചനക്കേസില്‍ കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. നാളെ വിവാഹമോചനക്കേസില്‍ തീരുമാനമെടുക്കണമെന്നാണ് ബോംബെ ഹൈക്കോടതി കുടുംബ കോടതിക്കു നല്‍കിയ നിര്‍ദേശം. മാര്‍ച്ച് 22 മുതല്‍ ചാഹലിന് ഐപിഎല്ലിന്റെ ഭാഗമാവേണ്ടതിനാലാണ് നടപടികള്‍ നേരത്തേയാക്കുന്നത്.
പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ചാഹല്‍. നേരത്തെ, ആറ് മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചാഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഫെബ്രുവരിയിലാണ് ചാഹലും ധനശ്രീയും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ നല്‍കാമെന്നാണ് ചാഹല്‍ അറിയിച്ചിരുന്നു. ഇതുവരെ 2.37 കോടി രൂപ കൊടുത്തിട്ടുണ്ട്. 60 കോടിയോളം രൂപ ധനശ്രീക്കു നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധനശ്രീയുടെ കുടുംബം അത് വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ചാഹല്‍ യൂട്യൂബര്‍ കൂടിയായ ആര്‍ജെ മഹാവേഷുമായ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തവന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ നടക്കുമ്പോള്‍ ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നു. നേരത്തെയും ചാഹലിനൊപ്പം മഹാവേഷിനെ പലപ്പോഴും കണ്ടിട്ടുണ്ടെന്നും ആരാധകര്‍ കണ്ടുപിടിച്ചു. ഇരുവരും പ്രണയത്തിലെന്ന പ്രചാരണങ്ങള്‍ തള്ളി മഹാവേഷ് മുമ്പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ ട്രെന്‍ഡിങ്ങായി. ഏതായാലും ഇരുവരും ഒന്നിച്ച് സംസാരിക്കുന്നതും ഫോട്ടോക്ക് പോസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.പ്രണയത്തിലാണോ എന്ന സൈബറിടത്തിന്റെ സംശയത്തിന് ആരും കൃത്യം മറുപടി പറഞ്ഞിട്ടില്ല.
അലിഗഢ് സ്വദേശിയായ മഹാവേഷ് പ്രധാനമായും പ്രാങ്ക് വീഡിയോകളിലൂടെയാണ് യുട്യൂബറെന്ന നിലയില്‍ ശ്രദ്ധേയയായത്. യുട്യൂബര്‍ എന്നതിനുപരി റേഡിയോ മിര്‍ച്ചിയില്‍ റേഡിയോ ജോക്കി കൂടിയാണ് മഹാവേഷ്. നേരത്തെ ബിഗ് ബോസിലേക്കും ബോളിവുഡിലേക്കുമുള്ള ക്ഷണം മഹാവേഷ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.