ക്രൂ-9 ഡ്രാഗണ്‍ പേടകം കടലിൽ നിന്നും വീണ്ടെടുത്ത് കരയിൽ എത്തിച്ചത് എംവി മേഗൻ; കപ്പലിനൊരു കഥയുണ്ട്

ഫ്ലോറിഡ: ആകാംക്ഷ നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ സുനിത വില്യംസും സംഘവും ഭൂമിയിലെത്തി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27-നായിരുന്നു ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തെ വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്സിക്കൻ ഉൾക്കടലിൽ ഇറങ്ങിയത്. ഉടൻ തന്നെ സ്പേസ് എക്സിന്‍റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്തു. കപ്പലിലേക്ക് മാറ്റിയ പേടകം പിന്നേയും തുടർ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം തുറന്നു. ആദ്യം നടുവിലിരിക്കുന്ന നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയാണ് പുറത്തിറക്കിയത്. ഇതിന് ശേഷമാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. നാലാമതായി ബുച്ച് വിൽമറിനെ പുറത്തേക്ക് മാറ്റി.

നിറഞ്ഞ കൈയ്യടികളോടെയാണ് സുനിത അടക്കമുള്ള ബഹിരാകാശ യാത്രികരെ ചുറ്റം കൂടിയവർ സ്വീകരിച്ചത്. ഇതാ കടലിൽ നിന്നും സുനിതയെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗൻ എന്ന കപ്പലിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

എംവി മേഗൻ റിക്കവറി കപ്പല്‍; പ്രത്യേകതകള്‍ എന്തെല്ലാം? 

ഫ്ലോറിഡയിലെ പോർട്ട് കാനവറലിൽ സ്ഥിതി ചെയ്യുന്ന സ്പേസ് എക്സ് ഡ്രാഗൺ റിക്കവറി കപ്പലാണ് എംവി മേഗൻ. മുമ്പ് ഗോ സെർച്ചർ എന്നായിരുന്നു ഈ കപ്പലിന്‍റെ പേര്.  സ്പേസ്എക്സിന്‍റെ ഡ്രാഗൺ കാപ്സ്യൂളിൽ പറന്ന രണ്ടാമത്തെ വനിതാ നാസ ബഹിരാകാശ യാത്രികയായ മേഗൻ മക്ആർതറിന്‍റെ പേരിലാണ് മേഗൻ അറിയപ്പെടുന്നത്. മറ്റൊരു ഇരട്ട കപ്പലായ ഷാനണിനൊപ്പം മേഗനും ഡ്രാഗൺ കാപ്സ്യൂൾ റിക്കവറി പ്രവർത്തനങ്ങൾക്കായി സ്പേസ് എക്സ് കമ്പനി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

2016-ൽ ഒരു ഫെയറിംഗ് റിക്കവറി/ഓപ്പറേഷണൽ സപ്പോർട്ട് വെസൽ എന്ന നിലയിൽ സ്‌പേസ് എക്‌സിൽ പ്രവര്‍ത്തനം ആരംഭിച്ച മേഗൻ, 2018-ൽ ഡ്രാഗൺ കാപ്സ്യൂൾ റിക്കവറിയുടെ ഭാഗമായി. നാസയുമായുള്ള കരാർ പ്രകാരം സ്‌പേസ് എക്‌സ് കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മേഗൻ ഡ്രാഗൺ കാപ്സ്യൂൾ റിക്കവറിയുടെ ഭാഗമായത്. 2018-ന്‍റെ മധ്യത്തിൽ ഡ്രൈഡോക്കും അറ്റകുറ്റപ്പണികളും നടത്തിയ ശേഷം, മെഡിക്കൽ ചികിത്സാ സൗകര്യം, ഹെലിപാഡ്, വിപുലമായ ആശയവിനിമയ റഡാറുകൾ എന്നിവ ചേർത്തുകൊണ്ട് മേഗൻ ഈ ജോലിക്കായി തയ്യാറായി. വെള്ളത്തിൽ നിന്ന് കാപ്സ്യൂൾ ഉയർത്താൻ കപ്പലിന്‍റെ അമരത്ത് ഒരു വലിയ ലിഫ്റ്റിംഗ് ക്രെയിൻ സ്ഥാപിച്ചിട്ടുണ്ട്.

2018-ന്‍റെ തുടക്കം മുതൽ ഡ്രാഗൺ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കായി മേഗൻ തയ്യാറെടുക്കുകയാണ്. ഇതിനായി എണ്ണമറ്റ മണിക്കൂർ പരിശീലനവും നവീകരണ ജോലികളും പൂർത്തിയാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒരാഴ്ച നീണ്ടുനിന്ന വാസത്തിനുശേഷം അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിന്ന് കാപ്സ്യൂൾ വീണ്ടെടുക്കുന്നതിനായി ക്രൂ ഡ്രാഗണിന്‍റെ ആദ്യ പറക്കലിൽ ഈ കപ്പലും ഒരു പ്രധാന പങ്കുവഹിച്ചിണ്ട്. ഇൻ-ഫ്ലൈറ്റ് അബോർട്ട് പരീക്ഷണ ദൗത്യത്തിനിടെ കപ്പൽ ക്രൂ ഡ്രാഗണിനെ രണ്ടാമതും വീണ്ടെടുത്തു. ഡ്രാഗണിന്‍റെ രക്ഷപ്പെടൽ സംവിധാനം രൂപകൽപ്പന ചെയ്തതുപോലെ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സ്പേസ് എക്സ് മനഃപൂർവ്വം ഒരു ബൂസ്റ്റർ നശിപ്പിച്ചതും ചരിത്രമാണ്. 

കപ്പലിന്‍റെ പ്രവർത്തനം ഇങ്ങനെ

ഡ്രാഗൺ കാപ്സ്യൂൾ സ്പ്ലാഷ്‌ഡൗണിന് ശേഷം, മേഗനിൽ നിന്ന് വിന്യസിച്ചിരിക്കുന്ന ചെറിയ ഫാസ്റ്റ്-അപ്രോച്ച് ബോട്ടുകളിലെ റിക്കവറി ടീമുകൾ ഡ്രാഗണ്‍ പേടകത്തെ ചുറ്റിപ്പറ്റി പ്രവർത്തിക്കാൻ തുടങ്ങും. ഹൈപ്പർഗോളിക്സിന്‍റെ സാന്നിധ്യത്തിനും ക്രൂ വെൽഫെയറിനുമുള്ള സുരക്ഷാ പരിശോധനകൾ ആദ്യം നടത്തുന്നു. ആ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞാൽ, കാപ്സ്യൂൾ മേഗനിൽ ഉയർത്താൻ അനുവദിക്കുന്നതിന് റിഗ്ഗ് ചെയ്യുന്നു. സ്പ്ലാഷ്‌ഡൗണിന് 60 മിനിറ്റിനുള്ളിൽ ഡ്രാഗണിൽ നിന്ന് ബഹിരാകാശ യാത്രികരെ പുറത്തുകടത്താൻ നാസ സ്പേസ് എക്സിനോട് ആവശ്യപ്പെടും. ഡ്രാഗൺ റിക്കവറി പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾ, മറ്റ് ഫാസ്റ്റ് ബോട്ടുകൾ സമുദ്രോപരിതലത്തിൽ നിന്ന് പാരച്യൂട്ടുകൾ ശേഖരിക്കും. 

ഡ്രാഗണ്‍ പേടകത്തെ റിക്കവറി കപ്പലിലേക്ക് ഉയർത്തിക്കഴിഞ്ഞാൽ, ബഹിരാകാശ യാത്രികരെ കാപ്സ്യൂളിൽ നിന്ന് പുറത്തെത്തിക്കും. ഇവരെ പരിശോധനകള്‍ക്കായി ഓൺബോർഡ് മെഡിക്കൽ സൗകര്യത്തിലേക്ക് കൊണ്ടുപോകും. തുടർന്ന് അവരെ കരയിലേക്ക് കൊണ്ടുപോകാൻ ഒരു ഹെലികോപ്റ്റർ കപ്പലിൽ ലാൻഡ് ചെയ്യും. ബഹിരാകാശ യാത്രികരെ ഹൂസ്റ്റണിലുള്ള കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു.

ആവശ്യമുള്ളപ്പോഴെല്ലാം, ഫെയറിംഗ് റിക്കവറി എന്ന റോളിൽ മേഗൻ ഇടയ്ക്കിടെ പ്രവർത്തിച്ചിട്ടുണ്ട്. സാധാരണ ഡ്രാഗൺ എഗ്രസ് ഏരിയയിൽ, ഒരു ഫാൽക്കൺ 9 ഫെയറിംഗ് ഹാഫ് ഓൺബോർഡിൽ ഘടിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ, കപ്പലിനെ താൽക്കാലികമായി ഫെയറിംഗ് റിക്കവറി പ്രവർത്തനങ്ങൾക്കായി പുനർവിന്യസിച്ചു എന്നത് ശ്രദ്ധേയമാണ്. 

Read more: സുനിത വില്യംസ് പറന്നിറങ്ങിയ ക്രൂ-9 ഡ്രാഗണ്‍ പേടകത്തിനരികെ ‘സര്‍പ്രൈസ് അതിഥികള്‍’; ദൃശ്യങ്ങള്‍ പങ്കുവെച്ച് നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin