കുശലം പറഞ്ഞ് സുനിത, ആലിംഗനം ചെയ്ത് ബുച്ച്; എല്ലാവരും പൊളി വൈബ്! ഹൂസ്റ്റണില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍

ഹൂസ്റ്റണ്‍: അവര്‍ക്ക് കാലിടറും എന്ന് കരുതിയവര്‍ക്ക് തെറ്റി, നീണ്ട ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയില്‍ മടങ്ങിയെത്തിയ ക്രൂ-9 ദൗത്യ സംഘം സുരക്ഷിതര്‍. ഫ്ലോറിഡയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ കടലില്‍ ലാന്‍ഡ് ചെയ്ത നാല്‍വര്‍ സംഘം ആരോഗ്യ പരിശോധനകള്‍ക്കും പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനുമായി നാസയുടെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തി. നിലത്ത് കാലുകള്‍ കുത്തന്‍ പോലും പ്രയാസമായിരിക്കും എന്ന് കരുതിയവര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ സുനിത വില്യംസും ബുച്ച് വില്‍മോറും നിക് ഹേഗും അലക്സാണ്ടർ ഗോ‍ർബുനോവും നടന്നുനീങ്ങുന്ന കാഴ്ചയാണ് ചിത്രങ്ങളില്‍ കാണുന്നത്. 

9 മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന്‍റെ യാതൊരു ക്ഷീണവും ആയാസവും സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മുഖത്തോ ശരീരഭാഷയിലോ കാണാനില്ല. ആറ് മാസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടർ ഗോ‍ർബുനോവും സമാനമായി ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഹൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ വന്നിറങ്ങിയത്. ഇവര്‍ക്കൊപ്പം ഫ്ലൈറ്റ് സര്‍ജന്‍മാരെയും ചിത്രങ്ങളില്‍ കാണാം. ആലിംഗനം ചെയ്യുന്ന ബുച്ചും കുശലം പറയുന്ന സുനിതയും ഇരുവരുടെയും മടങ്ങിവരവിനായി ഏറെ ദിവസം കാത്തിരുന്നവര്‍ക്ക് ആശ്വാസ ചിത്രങ്ങളാണ്. എങ്കിലും ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ നാല് പേരെയും വിശദ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും. 

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27-നാണ് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തിയത്. മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ്. സുനിത വില്യംസിന് പുറമെ നാസയുടെ തന്നെ ബഹിരാകാശ യാത്രികരായ നിക് ഹേഗ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമായിരുന്നു ഡ്രാഗണ്‍ പേടകത്തില്‍ വന്നിറങ്ങിയത്. സുനിതയും ബുച്ചും 2024 ജൂണ്‍ 5നും, ഹേഗും ഗോര്‍ബുനോവും 2024 സെപ്റ്റംബര്‍ 28നുമായിരുന്നു ഭൂമിയില്‍ നിന്ന് ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. ഇനി ഈ നാല് പേര്‍ക്കും നാസയുടെ 45 ദിവസത്തെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ കാലയളവാണ്.

Read more: ‘സുനിത വില്യംസ് സാധാരണക്കാരിയല്ല, ലോകം മാറ്റിമറിക്കും’; ബഹിരാകാശ യാത്രികയെ പ്രശംസിച്ച് കുടുംബാംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin