കരുതൽ തടങ്കലും നാടുകടത്തലും കഴിഞ്ഞ് തിരിച്ചെത്തിയിട്ടും കേസുകൾ; കാപ്പ പ്രതികളെ വീണ്ടും കരുതൽ തടങ്കലിലാക്കി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ കാപ്പ നിയമപ്രകാരം അറസ്റ്റിലായി. മാരായമുട്ടം പൊലീസ് പിടികൂടിയ മാരായമുട്ടം, ചുള്ളിയൂർ, തെങ്ങുവിളക്കുഴി കടവൻകോട് കോളനിയിൽ താമസിക്കുന്ന സുജിത്ത്(36), ബാലരാമപുരം പൊലീസ് പിടികൂടിയ വെങ്ങാനൂർ, ഇടുവ, മേലെപൊന്നറത്തല ആനന്ദ് ഭവനിൽ അപ്പു എന്ന ആദിത്യൻ (21) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കരുതൽത്തടങ്കലിലാക്കിയത്.
42 കേസുകളിലെ പ്രതിയായ സുജിത് കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും അടിപിടി, അക്രമം, ലഹരികടത്തൽ, സ്ഫോടകവസ്തുക്കൾ കൈവശംവെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിനെത്തുടർന്ന് വീണ്ടും കളക്ടർ പ്രതിക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുജിത്തിനെ സാഹസികമായി പൊലീസ് സംഘം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. ഇനി ഒരുവർഷം കരുതൽത്തടങ്കലിൽ കഴിയേണ്ടിവരും.
ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി, അടിപിടി കേസുകളിലും ഒമ്പത് മോഷണ കേസുകളിലും പ്രതിയാണ് ആദിത്യൻ. കാപ്പ നിയമപ്രകാരം ജില്ലയിൽ കടക്കുന്നത് വിലക്കി കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ച് ആറ്റുകാൽ പൊങ്കാല സമയത്ത് നഗരത്തിലെത്തി പിടിച്ചുപറി നടത്തിയതിനാണ് പൂന്തുറയിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് പ്രതികളെയും കരുതൽ തടങ്കലിലാക്കി.