ആശമാര്‍ക്കെതിരെ വീണ്ടും സിപിഎം അധിക്ഷേപം; സമരത്തിലുള്ളത് യഥാര്‍ത്ഥ ആശാവര്‍ക്കരല്ലെന്ന് എ വിജയരാഘവൻ

മലപ്പുറം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എ വിജയരാഘവൻ. യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ല സമരത്തിലുള്ളതെന്നാണ് എ വിജയരാഘവൻ്റെ വിമര്‍ശനം. കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുകയാണ്. അഞ്ഞൂറുപേരെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് കാശും കൊടുത്ത് റൂമും കൊടുത്ത് അവിടെ കിടത്തിയിരിക്കുകയാണ്. ആറ് മാസത്തെ സമരമാണ് ഇത്. അവര്‍ അവിടെ നിന്നും പോകില്ല. ആശ പോയാല്‍ അംഗണവാടിയെ കൊണ്ടുവന്ന് ഇരുത്തുമെന്ന് എ വിജയരാഘവൻ  വിമര്‍ശിച്ചു. 

ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള സമരത്തിന്‍റെ ആയുധമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മൂന്നാമത് ഭരണം വരാതിരിക്കാൻ വലിയ പരിശ്രമം നടക്കുന്നു. എല്ലാ പ്രതിലോമ ശക്തികളും അതിന് വേണ്ടി ശ്രമിക്കുന്നു. അതിനുവേണ്ടി ദുര്‍ബലരെ ഉപയോഗിക്കുന്നുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ കുറ്റപ്പെടുത്തി. മലപ്പുറം എടപ്പാളില്‍ സിപിഎം പൊതുയോഗത്തിലാണ് എ വിജയരാഘവന്‍റെ രൂക്ഷ വിമര്‍ശനം.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ 38 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ ഇന്ന് രണ്ട് വട്ടം നടത്തിയ ചർച്ചകള്‍ പൊളിഞ്ഞു. വേതനം കൂട്ടുന്നതിൽ ഒരു ഉറപ്പും നൽകാതെ സമരം നിർത്തണമെന്ന് മാത്രം ആരോഗ്യമന്ത്രി ഉപദേശിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ആദ്യം ചർച്ചക്ക് വിളിച്ച എൻഎച്ച് എം ഡയറക്ടർ ഖജനാവ് കാലിയാണെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശയപ്പെട്ട ആശാ വർക്കർമാർ നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.

By admin