ആദ്യമത്സരം ആരോടെന്ന് രോഹിത്, സിഎസ്കെയോടെന്ന് ഹാർദ്ദിക്, പല്ലിറുമ്മി കട്ടക്കലിപ്പിൽ ഹിറ്റമാൻ-വീഡിയോ

മുംബൈ: ഐപിഎല്ലിന് മുമ്പ് ആരാധകരെ ആവേശത്തിലാഴ്ത്താനും കൈയിലെടുക്കാനുമായി വ്യത്യസ്ത രീതികളാണ് ടീമുകള്‍ പരീക്ഷിക്കാറുള്ളത്. അതില്‍ ഏറ്റവും പ്രധാനം മത്സരത്തിന് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വെല്ലുവിളികളും പരിഹാസങ്ങളുമൊക്കെയാണ്. ആരാധകരും ഇതേറ്റെടുക്കുമ്പോള്‍ മത്സരച്ചൂട് ഉയരും. ഐപിഎല്ലില്‍ ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി അത്തരത്തിലുള്ള ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയിപിക്കുകയാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ്.

ഒരു റെസ്റ്റോറന്‍റില്‍ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രോഹിത്തും മുംബൈ നായകന്‍ ഹാര്‍ദ്ദിക്കിനെയുമാണ് വീഡിയോയില്‍ കാണാനാകുക. രോഹിത്തിന്‍റെ കൈയിൽ ഒരു ഗ്ലാസില്‍ മഞ്ഞ നിറത്തിലുള്ള ഡ്രിങ്ക്സുമുണ്ട്. അടുത്തിരിക്കുന്ന ഹാര്‍ദ്ദിക്കിനോട് രോഹിത് ചോദിക്കുന്നത് ആരോടാണ് ആദ്യമത്സരമെന്നതാണ്.

ഐപിഎല്‍ എല്‍ ക്ലാസിക്കോ: ചെന്നൈക്കെതിരെ മുംബൈയെ നയിക്കാന്‍ ഹാര്‍ദ്ദിക്കില്ല; പകരം നായകനെ പ്രഖ്യാപിച്ചു

എന്നാല്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ ഹാര്‍ദ്ദിക് വെയിറ്ററോട് അങ്ങോട്ട് വരാന്‍ പറയുന്നു. തുടര്‍ന്ന് രോഹിത്തിനോടായി  ഞായറാഴ്ച, ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് എന്ന് മറുപടി പറയുന്നു. ഇത് കേള്‍ക്കുന്നതോടെ പല്ലിറുമ്മി, മുഖമെല്ലാം വലിഞ്ഞുമുറുകുന്ന രോഹിത്ത് ദേഷ്യത്തോടെ കൈയിലെ ഗ്ലാസ് ഞെരിച്ചു പൊട്ടിക്കുന്നു. പിന്നാലെ ഒരു ചെറു ചിരിയോടെ നേരത്തെ വിളിച്ച വെയിറ്ററോട് ഹാര്‍ദ്ദിക് അവിടെ ക്ലീന്‍ ചെയ്യാന്‍ പറയുന്നതുമാണ് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ പ്രോമോ വീഡിയോ.

ഇതിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്തു മറുപടിയാകും നല്‍കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും തോറ്റ മുംബൈ എട്ട് പോയന്‍റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ ടീം ഉടച്ചുവാര്‍ത്ത് എത്തുന്ന മുംബൈ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനാൽ ഹാര്‍ദ്ദിക്കിന് ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. ഹാര്‍ദ്ദിക്കിന് പകരം സൂര്യകുമാര്‍ യാദവാണ് ചെന്നൈക്കെതിരെ മുംബൈയെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin