62 മണിക്കൂറും ഒമ്പത് മിനിറ്റും; സുനിത വില്യംസ് ബഹിരാകാശ രാജ്ഞിയായ ആ സുവര്‍ണ നിമിഷം
വാഷിംഗ്‌ടൺ: 2025 ജനുവരി 31, ബഹിരാകാശ നടത്തത്തിൽ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ചരിത്രം കുറിച്ച ദിനം അതായിരുന്നു. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് ചെയ്ത വനിത എന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്ത ദിനം. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും 9 മിനിറ്റുമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാൻ സാധിച്ചത്. നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രിക പെഗ്ഗി വിൻസ്റ്റണിന്‍റെ റെക്കോർഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.
പെഗ്ഗിക്കൊപ്പം യാത്ര ചെയ്യാന്‍ ശുഭാൻഷു
പെഗ്ഗി വിൻസ്റ്റണിനൊപ്പമാണ് ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ല ഉടൻ ബഹിരാകാശത്തേക്ക് പോകുന്നത്. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ശുഭാൻഷു ശുക്ലയുടെ യാത്ര ഈ വർഷം ജൂണിൽ നടക്കും. അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് ശുഭാൻഷുവിന്‍റെ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാൻഷുവടക്കം നാല് പേരെയാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി കൊണ്ടുപോകുന്നത്. രണ്ടാഴ്ച നീളുന്ന സ്പേസ് സ്റ്റേഷൻ വാസത്തിനിടയിൽ നിരവധി പരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാൻഷു ശുക്ല പറഞ്ഞു.
മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയെ 4-ലെ മറ്റ് ദൗത്യസംഘാംഗങ്ങൾ. ദൗത്യത്തില്‍ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാൻഷുവിന്‍റെ ബാക്കപ്പ്.
Read more: 62 മണിക്കൂർ ബഹിരാകാശ നടത്തം, പൂന്തോട്ട പരിപാലനം: സുനിത വില്യംസ് ബഹിരാകാശത്ത് സമയം ചെലവഴിച്ചത് ഇങ്ങനെ